പാലാ :കോരി ചൊരിഞ്ഞ കനത്ത മഴയിലും ആവേശവും ,ഭക്തിയും ഒട്ടും ചോരാതെ പാലായിലെ മരിയ ഭക്തർ.വൈകിട്ട് 5.45 ന് ജൂബിലി കപ്പേളയിലെ പന്തലിൽ നിന്നും ഭക്തി നിർഭരമായ പ്രദക്ഷിണം ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും.ഫാദർ ജോസ് ആലഞ്ചേരിയുടെ വിശുദ്ധ കുർബാനയും ,ലദീഞ്ഞും കഴിഞ്ഞതോടെ വൃശ്ചിക വർഷം തിമർത്ത് പെയ്തു.തുള്ളിക്കൊരുകുടം എന്ന പോലെ മഴ കോരിചൊരിഞ്ഞപ്പോൾ ജൂബിലി പന്തലിലും ,പരിസര പ്രദേശങ്ങളിലുമായി ജനങ്ങൾ കാത്തിരുന്നു.

ഒരു മണിക്കൂറോളം തിമർത്തു പെയ്ത മഴ ശമിച്ചപ്പോൾ മാതാവിന്റെ തിരു സ്വരൂപം സംവഹിച്ചുള്ള ഭക്തി നിർഭരമായ പ്രദക്ഷിണം ആരംഭിച്ചു. സാന്തോം കോംപ്ലക്‌സിലെ പന്തലിലേക്കുള്ള പ്രദക്ഷിണത്തിനു ശേഷം,ളാലം പാലം ജങ്ഷനിലെ പന്തലിൽ ചെന്ന് തിരുകർമ്മങ്ങൾക്ക് ശേഷം കമനീയമായ പ്രധാന വീഥിയിലൂടെ ജൂബിലി കപ്പേളയിൽ എത്തിച്ചേർന്നപ്പോൾ ആയിരങ്ങൾ മാതാവിന് നേർച്ച കാഴ്ചകൾ അർപ്പിക്കാൻ എത്തി ചേർന്നു.രണ്ടു വർഷമായി കോവിഡ് മൂലം മുടങ്ങി പോയ പാലാ ജൂബിലി തിരുന്നാൾ ആഘോഷമാക്കാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്.
മഴ നനഞ്ഞും വാഹന ഗതാഗതം നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥർ അനുകരണീയ മാതൃകയാണ് പൊതു സമൂഹത്തിനു നൽകിയത്.അതുകൊണ്ടു തന്നെ തടസ്സം കൂടാതെ ഗതാഗതം സാധ്യമായി.ജോസ് കെ മാണി എം പി യും ,നിഷാ ജോസും ,കുഞ്ഞുമാണിയും ജൂബിലി പന്തലിലെത്തി മാതാവിന് നേര്ച്ച കാഴ്ചകൾ അർപ്പിച്ചു.
മാണി സി കാപ്പൻ എം എൽ എ ചികിത്സയിലായതിനാൽ അദ്ദേഹത്തിന്റെ ഭാര്യ ആലീസും,മകളും,കാപ്പൻ സഹോദരങ്ങളും ജൂബിലി പന്തലിലെത്തി മാതാവിന് നേര്ച്ച കാഴ്ചകൾ അർപ്പിച്ചു.നാളെ പകൽ പതിനൊന്നു മണിക്ക് മാതാവിന്റെ തിരുസ്വരൂപം പന്തലിൽ നിന്നും കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കും.

