കോട്ടയം: ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹ ആരോപിച്ച് കുടുംബം. കുറുമുള്ളൂർ മുടിയാട്ട് വീട്ടിൽ എം വി പ്രജിതയുടെ (23) മരണത്തിൽ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെയാണു ഭർത്താവ് കോതനല്ലൂർ വട്ടപ്പറമ്പിൽ വി എസ് അനീഷിന്റെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രജിതയുടെ മരണം കൊലപാതകമാണ് എന്നാണ് കുടുംബത്തിന്റെ പരാതി. രണ്ട് വർഷം മുൻപായിരുന്നു പ്രജിതയുടേയും അനീഷിന്റേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭർതൃവീട്ടുകാർ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയ പ്രജിതയെ അനീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരിച്ചുവരാൻ നിർബന്ധിച്ചു. തുടർന്ന് പ്രജിതയെ സഹോദരൻ ഭർതൃവീട്ടിൽ കൊണ്ടുവിട്ടു.
ചൊവ്വാഴ്ച രാത്രി 12നു പ്രജിത തൂങ്ങി മരിച്ചതായി ഭർത്താവ് അനീഷ് വിളിച്ചറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പോയപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലാണ് പ്രജിതയെ കണ്ടതെന്നും പരാതിയിലുണ്ട്.

