കോട്ടയം :പാലാ:കേരളാ കോൺഗ്രസ് (എം)സൈബർ ടീമിന്റെ വ്യക്തിഹത്യ പോലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൂര്യ സഞ്ജയ് നടത്തി വന്ന 24 മണിക്കൂർ നിരാഹാര സമരം ഇന്ന് രാവിലെ കോട്ടയം ജില്ലാ കോൺഗ്രസ് അധ്യക്ഷൻ നാട്ടകം സുരേഷ് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.


കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് ജോസ് കെ മാണിയെ സൈബറിടങ്ങളിൽ പാലാക്കാരൻ ചേട്ടൻ എന്ന ഫെയ്സ് ബുക്ക് പേജിലൂടെ അപമാനിച്ചു എന്ന കേസിൽ സഞ്ജയ് സഖറിയാസിനെതിരെ കേസെടുക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയും ,റിമാൻഡിൽ അടയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ തന്നെയും തന്റെ ഭാര്യയെയും അമ്മയെയും വ്യക്തിപരമായി അധിക്ഷേപിച്ച കേരളാ കോൺഗ്രസ് (എം) പ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ മടിക്കുന്ന പോലീസ് നടപടിക്കെതിരെയാണ് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ മുതൽ സൂര്യ സഞ്ജയ് നിരാഹാരം അനുഷ്ഠിച്ചത്.ഇതിനു മുൻപ് കോൺഗ്രസ് ഡി വൈ എസ് പി ഓഫീസ് മാർച്ചും നടത്തിയിരുന്നു.


പാലായിലെ കോൺഗ്രസ് പ്രവർത്തകരുടെ ഒരുമയും ,ശക്തിയും പ്രകടമാക്കിയ സംഘടനാ പാടവമായിരുന്നു ഇന്ന് സമാപിച്ച നിരാഹാര സമരം.ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ് രണ്ടു ദിവസമായി പാലായിൽ ക്യാമ്പ് ചെയ്തു കൊണ്ടുള്ള സമര മുഖമായിരുന്നു ഇത്.
ഇനിയുള്ള സമരങ്ങൾ ഗാന്ധിയൻ രീതിയിലായിരിക്കില്ലെന്നുള്ള മുന്നറിയിപ്പും നാട്ടകം സുരേഷ് അധികാരികൾക്ക് നൽകിയിട്ടുണ്ട്.വനിതാ പ്രവർത്തകരുടെ വലിയ സാന്നിധ്യം സമരത്തിൽ കാണുവാനായി.രാത്രിയിലും സമര പന്തൽ സജീവമായിരുന്നു.പോലീസും കർശന ജാഗ്രത പുലർത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

