Kerala

മരണത്തിലും ഏഴ് പേർക്ക് ജീവൻ പകർന്ന് കൈലാസ് നാഥ് യാത്രയായി; വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട കോട്ടയം പുത്തനങ്ങാടി ആലുംമൂട് സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു

കോട്ടയം : കൈലാസ് നാഥിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നില്ല, കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും..മരണം കവർന്നെങ്കിലും ആ യുവാവ് ഇനിയും ജീവിക്കും, ഏഴ് പേരിലൂടെ. വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട കോട്ടയം പുത്തനങ്ങാടി ആലുംമൂട് സ്വദേശി കൈലാസ് നാഥ് പുനർജീവിക്കുകയാണ് ഒരു കൂട്ടം മനുഷ്യരിലൂടെ.

കൈലാസിന്റെ മരണശേഷം കുടുംബമാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള മാതൃകാപരമായ തീരുമാനമെടുത്തത്.വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ ഇരുപത്തിമൂന്നുകാര​ൻ മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറാകുകയായിരുന്നു. തീവ്ര ദു:ഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ കൈലാസ് നാഥ് മരണത്തിലും അനേകം പേർക്ക് ജീവിതത്തിൽ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികൾക്ക് വേണ്ടി നന്ദിയുമറിയിക്കുന്നു. കൈലാസ് നാഥിന്റെ പ്രവർത്തനങ്ങൾ യുവതലമുറയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയത്ത് ഡിവൈഎഫ്‌ഐ പുത്തനങ്ങാടി മേഖലയിലെ ആലുംമൂട് യൂണിറ്റ് അംഗമായിരുന്നു പ്ലാത്തറയിൽ കൈലാസ് നാഥ്. കൈലാസ് നാഥ് ഡിവൈഎഫ്‌ഐക്കാരനാണെന്ന് അഭിമാനത്തോടെ പറയുകയാണെന്ന് എ എ റഹീം എംപിയും പ്രതികരിച്ചു. അദ്ദേഹത്തി​ന്റെ കുറിപ്പ് ഇങ്ങനെ..

‘മരണമില്ലാത്ത മനുഷ്യർ.. കൈലാസ് നാഥിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നില്ല. കൈലാസിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ തുടരും. മറ്റുള്ളവർക്കായി കരുതലാകാൻ,സ്‌നേഹവും നന്മനിറഞ്ഞ തണലുമാകാൻ എത്രമാത്രം സാധിക്കുമോ അത്രയും സാർത്ഥകമാകും നമ്മുടെ ജീവിതം.

ഹൃദയപൂർവ്വം പൊതിച്ചോർ വിതരണത്തിലൂടെയും കോവിഡ് കാലത്ത് ഞങ്ങളുണ്ട്,റീസൈക്കിൾ കേരളാ തുടങ്ങിയ ക്യാമ്പയിനുകളിലൂടെയും ഡിവൈഎഫ്‌ഐ അംഗങ്ങളെ ഈ ഉയർന്ന രാഷ്ട്രീയബോധത്തിലേയ്ക്ക് ഉയർത്താനാണ് ശ്രമിച്ചത്.ത്യാഗവും സന്നദ്ധതയും നന്മയുമുള്ള ഒരു തലമുറയെ വാർത്തെടുക്കാനാണ് ഡിവൈഎഫ്‌ഐ എപ്പോഴും ശ്രമിക്കുന്നത്. അഭിമാനത്തോടെ പറയാം കൈലാസ് നാഥ് ഡിവൈഎഫ്‌ഐക്കാരനാണ്.’

ആന്തരിക അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായതിലൂടെ ഇനിയും കൈലാസ് ജീവിക്കും. കൈലാസിന്റെ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിനാകെ മാതൃകയാണെന്നും എംപി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെ തുടർന്നാണ് കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു. മസ്തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകി. കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top