കോട്ടയം: കോട്ടയം അയ്മനം കുടയംപടിയിലെ വ്യവസായി ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് വ്യാപാരി ബിനു കെ.സി. (50) ആത്മഹത്യ ചെയ്തത്. കർണാടക ബാങ്കിന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടയംപടി ജങ്ഷനിൽ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു.

രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകൾ നന്ദനയുടെ വെളിപ്പെടുത്തൽ. കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബാങ്കിലെ ജീവനക്കാരൻ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.

