കോട്ടയം: വൈക്കം നഗരസഭയിൽ എ – ഐ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ സ്ഥാനമൊഴിയാതെ അധ്യക്ഷ രാധികാ ശ്യാം. ഒക്ടോബർ 26 ന് രാജിവയ്ക്കണമെന്ന കെപിസിസിയുടെ നിർദ്ദേശവും രാധികാ ശ്യാം തള്ളി. രാജിക്കത്ത് നൽകേണ്ട ദിവസം അവധിയെടുത്ത രാധിക ശ്യാം അടിയന്തിര കൗൺസിലിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രാധികക്കെതിരെ പരസ്യ നടപടിയെടുത്താൽ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.

എ – ഐ ഗ്രൂപ്പുകൾ അധികാരം പങ്കിടണമെന്ന കോട്ടയം ഡിസിസിയുടെ കരാറും കെ പി സി സി നിർദ്ദേശവുമനുസരിച്ച് നഗരസഭാ അധ്യക്ഷ രാധികാ ശ്യം ഇന്നലെയായിരുന്നു സ്ഥാനമൊഴിയേണ്ടിയിരുന്നത്. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും പാർലമെൻ്ററി പാർട്ടിക്കും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയ രാധിക ശ്യാം രാജിക്കത്ത് നൽകേണ്ട ദിവസമെത്തിയപ്പോൾ അവധിയെടുത്ത് മാറി നിന്നു. സ്ഥാനമൊഴിയണമെന്ന കെപിസിസി നിർദ്ദേശം പരസ്യമായി ലംഘിച്ചതോടെ, രാധികയെ പിന്തുണച്ചിരുന്ന പ്രാദേശിക കോൺഗ്രസ് നേതൃത്വവും വെട്ടിലായി.
അധ്യക്ഷയുടെ അഭാവത്തിൽ വൈസ് ചെയർമാൻ പി ടി സുഭാഷാണ് വ്യാഴാഴ്ച്ച നടന്ന കൗൺസിൽ യോഗ നടപടികൾ നിയന്ത്രിച്ചത്. 26 അംഗ നഗരസഭാ കൗൺസിലിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ ഒരു സ്വതന്ത്രനെ ചേർത്ത് നിർത്തിയാണ് നിലവിലെ യുഡിഎഫ് ഭരണം. അധ്യക്ഷയ്‌ക്കെതിരെ പരസ്യ നടപടിയെടുത്താൽ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നതും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

