കൊല്ലം: സൈനികന്റെ പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്ന പരാതി വ്യാജം. അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈൻ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.

പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന്‌സുഹൃത്ത് മൊഴി നൽകി.
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് താൻ ആക്രമിക്കപ്പെട്ടത് എന്നായിരുന്നു സൈനികന്റെ പരാതി. സംഭവത്തിൽ കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷർട്ട് കീറി. മുതുകിൽ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നായിരുന്നു സൈനികന്റെ പരാതി. എന്നാൽ, ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ഇത് ചെയ്തതെന്നോ തനിക്കറിയില്ല എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതോടെ സൈനികൻ സ്വയം ചെയ്തതാണോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു.
കേസിൽ കൂടുതൽ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തി വരികയായിരുന്നു. സൈനികൻ സ്വയം ശരീരത്തിൽ പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

