കൊച്ചി: സ്വകാര്യ ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കാതെ ഓടിച്ചു പോയ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. മട്ടാഞ്ചേരി- ആലുവ റൂട്ടിലോടുന്ന സജിമോൻ ബസിലെ ഡ്രൈവർ നിയാസ്, കണ്ടക്ടർ നസിൽ ഇറാധ് എന്നിവർക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പെൺകുട്ടികളുടെ അമ്മ ചക്കരപറമ്പ് സ്വദേശി ഷിബി ഗോപകുമാറിന്റെ പരാതിയിലാണ് കേസ്.

ഷിപ്‍യാഡ് സ്റ്റോപ്പിൽ നിന്നു പാലാരിവട്ടത്തേക്ക് ബസിൽ കയറിയ ഷിബിക്കും 9, 6 വയസുള്ള പെൺകുട്ടികൾക്കുമാണ് ദുരനുഭവം. പാലാരിവട്ടം സ്റ്റോപ്പിൽ ഇറങ്ങിയ ഷിബിക്കൊപ്പം കുട്ടികളെ ഇറക്കാതെ തിരക്കിട്ടു ബസ് ഓടിച്ചു പോകുകയായിരുന്നു. യാത്രക്കാർ ബഹളം വച്ചിട്ടും ബസ് നിർത്തിയില്ല.ഒടുവിൽ അടുത്ത സ്റ്റോപ്പിലാണ് ബസ് നിർത്തി കുട്ടികളെ ഇറക്കി വിട്ടത്. അപകടമുണ്ടാക്കും വിധം അശ്രദ്ധമായ പ്രവൃത്തിക്കും ഡ്രൈവിങ്ങിനുമാണ് കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

