
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി, സര്‍ക്കാര്‍ അനുകൂല അഭിപ്രായം പ്രകടിപ്പിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരൂര്‍ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു. പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയുടെ വൃത്തങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിയാണ്. തരൂരിനെ നേരിട്ടു കണ്ട് സംസാരിക്കും. തരൂര്‍ പറഞ്ഞതിന്റെ ലോജിക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
വികസനത്തിന് വാശിയല്ല വേണ്ടത്, പ്രായോഗികതയാണ്. മുഖ്യമന്ത്രിയുടെ പിടിവാശി കേരളത്തിന് ശാപമാകരുത്. പദ്ധതി കേരളത്തിന് വെള്ളിടിയാകും. കക്ഷിരാഷ്ട്രീയഭേദമെന്യേ പദ്ധതിയില്‍ ആശങ്കയുണ്ട്. കണ്ണൂരില്‍ സിപിഎമ്മില്‍പ്പെട്ട ആളുകളുള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി തനിക്കറിയാം. ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നതു മാറ്റിവെച്ചാല്‍ തന്നെ, ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയില്ലേ എന്ന് സുധാകരന്‍ ചോദിച്ചു.

