Kerala

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും

പാലാ :എഴാച്ചേരി :ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ ആലങ്ങാട്ട് സംഘം 8-ന് എത്തും.എരുമേലി പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ഏഴാച്ചേരി  കാവിന്‍പുറം ഉമാമഹേശ്വര സന്നിധിയില്‍ എത്തും. എട്ടാം തീയതി രാവിലെ 8 മണിക്ക് കാവിന്‍പുറം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്ന സംഘത്തെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കും.

 

അയ്യപ്പന്റെ ചൈതന്യമുള്ള ഗോളകയുമായി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം നടത്തുന്ന രഥഘോഷയാത്രയിൽ  സംഘം കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. കാവിന്‍പുറത്ത് എത്തുന്നസംഘം ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലംവച്ച് കാണിക്കിഴി സോപാനത്തിങ്കല്‍ സമര്‍പ്പിക്കും. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി വിശേഷാല്‍ പ്രസാദം ആലങ്ങാട്ട് സംഘത്തിന് സമര്‍പ്പിക്കും.

 

ആലങ്ങാട്ട് സംഘം ആനയിച്ചുകൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിന് മുന്നില്‍ ഭക്തര്‍ നേരിട്ട് നീരാഞ്ജനം സമര്‍പ്പിക്കുന്ന ഏക വഴിപാടും കാവിന്‍പുറം ക്ഷേത്രത്തില്‍ മാത്രമേയുള്ളൂ. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിച്ച് ഭക്തര്‍ നേരിട്ട് അയ്യപ്പന് നീരാഞ്ജനം ഉഴിയുകയാണിവിടെ. അയ്യപ്പന് നേരിട്ട് പൂജ ചെയ്യാന്‍ ലഭിക്കുന്ന ഈ ഭാഗ്യാവസരത്തിനായി ദൂരെദിക്കില്‍ നിന്നു പോലും ഭക്തര്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചേരാറുണ്ട്.

 

സമൂഹ നീരാഞ്ജന സമര്‍പ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടക്കും. സമൂഹപെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പന്‍വിളക്ക് രഥഘോഷയാത്രയുമായി കാവിന്‍പുറം ക്ഷേത്രത്തിലെത്തുന്നത്. വഴിമധ്യേ രാമപുരം പിഷാരുകോവില്‍, നെച്ചിപ്പൂഴൂര്‍ ചിറക്കരക്കാവ്, പോണാട് ഭഗവതിക്ഷേത്രം, കിഴതടിയൂര്‍ തൃക്കയില്‍ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഇടയാറ്റ് ബാലഗണപതീക്ഷേത്രം, മീനച്ചില്‍ വടക്കേക്കാവ് ഭഗവതിക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം സന്ദർശിക്കും.
അയ്യപ്പന് നേരിട്ട് നീരാഞ്ജനമുഴിഞ്ഞു പ്രാർത്ഥിക്കാൻ താൽപ്പര്യമുള്ള ഭക്തർ
9745 260 444 നമ്പരിൽ ബന്ധപ്പെടണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top