Politics

തന്നെ മുൻമന്ത്രി കൂടിയായ എം.എം മണിയും കെ.വി ശശിയും അപമാനിച്ചെന്നും വീട്ടിലിരിക്കാൻ പറഞ്ഞെന്നും മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ

സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പുരോഗമിക്കേ, പാർട്ടിയുമായും നേതാക്കളുമായുമുള്ള അഭിപ്രായഭിന്നതകൾ തുറന്നുകാട്ടുന്ന എസ്.രാജേന്ദ്രന്റെ കത്ത് പുറത്ത്. തന്നെ മുൻമന്ത്രി കൂടിയായ എം.എം മണിയും കെ.വി ശശിയും അപമാനിച്ചെന്നും വീട്ടിലിരിക്കാൻ പറഞ്ഞെന്നും മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ കത്തിൽ ആരോപിക്കുന്നുണ്ട്. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ പറയുന്നു. സമ്മേളനത്തിൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എസ്.രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.

Ad

എസ്.രാജേന്ദ്രൻ കുറച്ചുകാലമായി പാർട്ടിയുമായി പിണക്കത്തിലാണ്. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളന ത്തിലുണ്ടാവില്ലെന്നും സംസ്ഥാനസെക്രട്ടേറിയറ്റ് എല്ലാം തീരുമാനിക്കുമെന്നുമാണ് ഇന്നലെ കോടിയേരി വ്യക്തമാക്കിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് എസ്.രാജേന്ദ്രൻ കത്തിൽ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെ.വി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.വി ശശി തന്നെ അപമാനിച്ചു. മുൻ മന്ത്രി എം.എം മണിയും അപമാനിച്ചു. എംഎൽഎ ഓഫീസിൽ വച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ എം.എം മണി തന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ്. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ സഹായിച്ചാൽ തന്റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞു.

എം.എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ ഇപ്പോൾ നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും എസ്.രാജേന്ദ്രൻ പറയുന്നു. ഇക്കാര്യങ്ങളെല്ലാം താൻ ജില്ലാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. താൻ ഒരു ജാതിപ്പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി അംഗത്വത്തിൽ തുടരാൻ തന്നെ അനുവദിക്കണമെന്നും എസ്.രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെടുന്നു. പാർട്ടി നിർദേശങ്ങൾ അവഗണിച്ച് പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനാൽ എസ്.രാജേന്ദ്രനെ പുറത്താക്കാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു. പരാതിയെത്തുടർന്ന് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത കാണിച്ചില്ല, പ്രചാരണപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കി തുടങ്ങിയവയാണ് അന്വേഷണക്കമ്മീഷന്റെ കണ്ടെത്തൽ. ഒരു വർഷത്തേക്ക് രാജേന്ദ്രനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാർശ ചെയ്തിരിക്കുന്നത്. രാജേന്ദ്രനെ പുറത്താക്കണമെന്ന് എം.എം മണിയും പരസ്യമായി ആവശ്യപ്പെട്ടതാണ്.

ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എസ്.രാജേന്ദ്രനെതിരെ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ രൂക്ഷവിമർശനമാണുയർത്തിയത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ.രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്നും കെ.കെ ജയചന്ദ്രൻ പറ‌ഞ്ഞു. ജില്ലാ സമ്മേളനത്തിൽ നിന്ന് കൂടി വിട്ടു നിന്നതോടെ പുറത്തേക്കുള്ള പാത രാജേന്ദ്രൻ തന്നെ വെട്ടിയെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിനിടെയാണ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി എസ്.രാജേന്ദ്രന്റെ കത്ത് പുറത്തുവരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top