
കൊച്ചി: കെ ആർ നാരായണൻ്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പറഞ്ഞു. കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ ആർ നാരായണൻ്റെ ഔദ്യോഗിക കാലത്തെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാര ഗ്രന്ഥങ്ങൾ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ആർ നാരായണൻ തലമുറകൾക്കു മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ഡോ സെബാസ്റ്റ്യൻ നരിവേലി, സാംജി പഴേപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പബ്ളിക്കേഷൻ ഡിവിഷൻ തയ്യാറാക്കി കെ ആർ നാരായണൻ ഫൗണ്ടേഷനു കൈമാറിയതാണ് കെ ആർ നാരായണൻ്റെ ഔദ്യോഗികകാലത്തെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരഗ്രന്ഥങ്ങൾ. രണ്ടു വാള്യങ്ങളിലായി 719 പേജുകളുള്ള പുസ്തകങ്ങളിൽ കെ ആർ നാരായണൻ്റെ 160 ൽ പരം പ്രസംഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആയിരത്തിൽപരം പുസ്തകങ്ങളാണ് ഫൗണ്ടേഷനു കൈമാറിയത്. കോട്ടയം ജില്ലയിലെ കോളജ് ലൈബ്രറികൾക്കു സൗജന്യമായി ഈ ഗ്രന്ഥസമാഹാരങ്ങൾ നൽകുവാൻ ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്.

