കൊച്ചി: ഇന്നലെ അര്‍ധരാത്രി മുതല്‍ കിഴക്കമ്പലത്ത് നടന്നത് കലാപത്തിന് സമാനമായ സംഭവങ്ങള്‍. ആദ്യം പരസ്പരം ഏറ്റുമുട്ടിയ തൊഴിലാളികള്‍ പിന്നീട് നാട്ടുകാര്‍ക്ക് നേരേ തിരിഞ്ഞു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ഈ തൊഴിലാളികള്‍ അഴിഞ്ഞാടിയത്.

സംഘര്‍ഷത്തെ കുറിച്ച് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് വളരെ പെട്ടെന്നായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമെത്തി ആറുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കാനും കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞത്.
കിറ്റക്സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മിച്ച ക്യാമ്പിലാണ് അക്രമം നടന്നത്. ആറായിരത്തിലേറെ പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെയുള്ള മയക്കുമരുന്നും ഉപയോഗിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രിസ്മസ് കരോളിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടല്‍ തുടങ്ങി. പിന്നീടിത് നാട്ടുകാരുടെ നേരെ തിരിഞ്ഞു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി. കുന്നത്തുനാട് സിഐയും നാലുപോലീസുകാരുമാണ് ആദ്യമെത്തിയത്. പോലീസുകാരെ 50ലേറെ വരുന്ന തൊഴിലാളികള്‍ ഭീഷണിപ്പെടുത്തി. പോലീസ് വാഹനത്തിനു മുകളില്‍ കയറിയും വാഹനം അടിച്ചു തകര്‍ത്തും കല്ലെറിഞ്ഞുമായിരുന്നു തൊഴിലാളികള്‍ പ്രതികരിച്ചത്.
പോലീസ് വാഹനത്തിന് ഇവര്‍ തീയട്ടതോടെ പോലീസുകാര്‍ ഇറങ്ങിയോടി. ഓടിയ പോലീസുകാരെ പിന്നാലെയെത്തി വടികൊണ്ട് അടിച്ചു വീഴ്ത്തി. ഇതോടെ നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമില്‍ വീണ്ടും വിവരം അറിയിച്ചു. പിന്നീട് സമീപ പ്രദേശത്തുനിന്നും കൂടുതല്‍ പോലീസെത്തി. എന്നാല്‍ അവര്‍ക്കുനേരെയും തൊഴിലാളികള്‍ അതിക്രമം നടത്തി. ആലുവാ റൂറല്‍ എസ്പി വന്‍പോലീസ് സന്നാഹത്തോടെ കിറ്റക്‌സിന്റെ ക്യാമ്പിലെത്തി. ക്വാര്‍ട്ടേഴ്‌സിലേക്ക് പോലീസ് കടന്നു കയറി അക്രമികളെ പിടികൂടുകയായിരുന്നു. ക്യാമ്പില്‍ താമസിക്കുന്ന മണിപ്പൂര്‍, നാഗലാന്‍ഡ് സ്വദേശികളായ തൊഴിലാളികളുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായത്.

