തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഭിമാന പദ്ധതി കെ ഫോൺ ലക്ഷ്യത്തിലെത്താതെ പ്രതിസന്ധിയിൽ. ആദ്യഘട്ടത്തിലെ പതിനാലായിരം കുടുംബങ്ങൾക്ക് കണക്ഷനെന്ന പ്രഖ്യാപനം പൂർണമായി നടപ്പായില്ല. കെ ഫോണിന്റെ വാഗ്ദാനം വിശ്വസിച്ച പൊതുവിദ്യാലയങ്ങൾ ഗുരുതര പ്രതിസന്ധിയിൽ. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസമായിട്ടും പ്രഖ്യാപനത്തിന്‍റെ ഏഴയലത്ത് പോലും എത്താനായിട്ടില്ല. ഇന്‍റര്‍നെറ്റ് എത്തിക്കുമെന്ന കെ ഫോണിന്‍റെ വാക്ക് വിശ്വസിച്ച പൊതു വിദ്യാലയങ്ങളും പ്രതിസന്ധിയിലാണ്.

ഇത്തിരി വൈകിയാലും ഇനി എല്ലാം വളരെ വേഗത്തിലെന്ന വാദ്ഗദാനം മുഖ്യമന്ത്രി തന്നെ നൽകിയാണ് കെ ഫോൺ ഉദ്ഘാടനം ചെയ്തത്. ജൂൺ അവസാനത്തോടെ പതിനാലായിരം ബിപിഎൽ കുടുംബങ്ങളിലേക്ക് കണക്ഷൻ, ഡെഡ് ലൈൻ കഴിഞ്ഞ് പിന്നെയും ഒരു ആറ് മാസം പിന്നിടുമ്പോൾ ബിപിഎൽ കണകക്ഷൻ 5300 മാത്രമാണ്. കൃത്യമായ വിലാസമോ വിശദാംശങ്ങളോ ഇല്ലാത്ത ലിസ്റ്റ് നടത്തിപ്പ് കരാര്‍ എടുത്ത കേരള വിഷൻ കെ ഫോണിന് തിരിച്ച് നൽകിയിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന കണക്കിൽ വലിയ വര്‍ദ്ധനയൊന്നും സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യത്തിലും ഇല്ല. 30000 സര്‍ക്കാര്‍ ഓഫീസുകളാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടെങ്കിൽ കെ ഫോൺ കണക്ഷനെത്തിയത് 19000 ഓഫീസുകളിൽ മാത്രമാണ്.
ഇനി കെ ഫോൺ എന്ന വാക്ക് വിശ്വസിച്ച് നിലവിലുണ്ടായിരുന്ന ബിഎസ്എൻഎൽ കണക്ഷൻ റദ്ദാക്കിയ പൊതു വിദ്യാലയങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കണക്ഷൻ നൽകേണ്ട 13957 സ്കൂളുകളുടെ ലിസ്റ്റ് കെ ഫോണിന്‍റെ കയ്യിൽ കിട്ടിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഹൈടെക് ക്ലാസ് മുറികളിലടക്കം ഒക്ടോബറിന് മുൻപ് ഇന്‍റര്‍നെറ്റ് എത്തിക്കുമെന്ന വാദ്ഗാനം ഇത് വരെ നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല ഇത്ര വലിയൊരു ആവശ്യം മുൻകൂട്ടി കണ്ടിരുന്നില്ലെന്നാണ് കെ ഫോൺ ഇപ്പോൾ പറയുന്നത്. സ്കൂളുകളിലേക്ക് കണക്ഷനെത്തിക്കാൻ മാത്രമായി പുതിയ ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്ക് അകം എല്ലാം ശരിയാകുമെന്നുമാണ് പുതിയ വിശദീകരണം. നിന്ന് പോകാനുള്ള വരുമാനം ലക്ഷ്യമിട്ട് ഗാര്‍ഹിക വാണിജ്യ കണക്ഷൻ നടപടികൾക്ക് തുടക്കമിട്ടെങ്കിലും അതിനുമില്ല പ്രതീക്ഷിച്ച വേഗം. വാണിജ്യ ലക്ഷ്യത്തോടെയുള്ള ഗാര്‍ഹിക കണക്ഷനുകൾ നൽകാൻ 1500 ഓളം ഓപ്പറേറ്റർമാരെ കണ്ടെത്തിയിട്ടുണ്ട്. നൽകിയ കണക്ഷൻ 796 മാത്രം. സാങ്കേതിക സൗകര്യങ്ങളിലടക്കം കെഫോൺ വരുത്തി വീഴ്ചകൾക്ക് പരിഹാരം കണണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികളും നവകേരള സദസ്സിൽ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നതായാണ് വിവരം

