തിരുവനന്തപുരം: ബില്ലുകള്‍ വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പം തീരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ ഒപ്പുവയ്ക്കാൻ ഗവര്‍ണര്‍ തയാറാകത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍.

‘സുപ്രീംകോടതിയെ സമീപിക്കുന്നതോടെ സര്‍ക്കാരിന്റെ ആശയക്കുഴപ്പം തീരും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല ഞാന്‍. എന്റെ ബോധ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പണം പാഴാക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’, ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ നിയമോപദേശം തേടിയതില്‍ ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശം തേടാന്‍ 40 ലക്ഷം നല്‍കി. ജീവനക്കാര്‍ക്ക് പണം നല്‍കാന്‍ ഇല്ലാത്തപ്പോഴാണിത്. നിയമോപദേശം തേടിയിട്ട് എന്ത് ഗുണമാണുണ്ടായത്? ഇതിനെ പറ്റി മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചോയെന്നും ഗവര്‍ണര്‍ ചോദിച്ചു.
ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. സഭ പാസാക്കുന്ന ബില്ല് ഒപ്പിടാത്തത് ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതാണ്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

