തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി, വ്യവസായ പാര്‍ക്കുകളിലേക്ക് തല്‍ക്കാലം മദ്യമില്ല. രണ്ട് വര്‍ഷത്തെ അബ്കാരി നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചട്ടവും ചര്‍ച്ചയും പാതിവഴിയിലായതോടെയാണ് മദ്യവിതരണം വൈകുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് ലൈസന്‍സ് അനുവദിക്കാന്‍ പ്രത്യേക ചട്ടം രൂപീകരിക്കുന്നത് ഒരു വര്‍ഷമായി മുടങ്ങിയിരിക്കുകയാണ്. അതേസമയം വ്യവസായ പാര്‍ക്കുകളില്‍ ലൈസന്‍സ് മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ എക്‌സൈസ്-വ്യവസായ വകുപ്പ് ആരംഭിക്കുക പോലും ചെയ്തിട്ടില്ല.

എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരിക്കെ 2022ലെ അബ്കാരി നയത്തിലാണ് ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഐടി വകുപ്പിന്റെ ആവശ്യപ്രകാരമായിരുന്നു പ്രഖ്യാപനം. പ്രത്യേക ചട്ടം ആവശ്യമുള്ളതിനാല്‍ ഇതിനുള്ള നടപടികള്‍ എക്‌സൈസ് വകുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

