Kerala

തൊണ്ണൂറ്റിരണ്ട്കാരനായ ഭര്‍ത്താവിനെ തന്നില്‍ നിന്ന് മാറ്റിനിര്‍ത്തി, പരാതിയുമായി എൺപതുകാരി കേരള ഹൈക്കോടതിയിൽ

വാര്‍ദ്ധക്യകാലത്തും ഒരുമിച്ച് ജീവിക്കാനാണ് എല്ലാ ദമ്പതികളും ആ​ഗ്രഹിക്കുന്നത്. എന്നാൽ മാതാപിതാക്കളെ നോക്കാനുള്ള താൽപ്പര്യക്കുറവ് മൂലവും സമയതിരക്ക് മൂലവും അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിലേയ്ക്ക് അയക്കാറുണ്ട്. ചിലപ്പോഴൊക്കെ മാതാപിതാക്കളെ രണ്ടിടങ്ങളിലായി മാറ്റി താമസിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ മറവിരോഗം ബാധിച്ച 92കാരനായ ഭര്‍ത്താവിനെ തന്നില്‍ നിന്ന് മകന്‍ മാറ്റിനിര്‍ത്തിയെന്ന പരാതിയുമായി 80കാരി കേരള ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെ ഹൈക്കോടതി ഇടപെട്ട് വൃദ്ധദമ്പതികളെ വീണ്ടും ഒന്നിപ്പിച്ചു.

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന 80കാരിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കേരള ഹൈക്കോടതിയുടെ ഇടപെടല്‍. എന്നാല്‍ അമ്മയ്ക്ക് പ്രായമെന്നും അച്ഛനെ പരിപാലിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മകന്‍റെ വാദം. തന്നോടൊപ്പം ജീവിച്ചപ്പോള്‍ ഭര്‍ത്താവ് സന്തോഷവാനായിരുന്നുവെന്ന് 80കാരി കോടതിയില്‍ മറുപടി നല്‍കി.

ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മകനൊപ്പം താമസിക്കാന്‍ 80 കാരി തയ്യാറല്ല. ഇതോടെ മകന്‍ അച്ഛനെ ഒപ്പം കൊണ്ടുപോയി. 80 കാരി മറ്റൊരു വീട്ടിലായിരുന്നു താമസം. അമ്മയ്ക്കും തന്നോടൊപ്പം വന്നുനില്‍ക്കാമെന്ന് മകന്‍ പറഞ്ഞെങ്കിലും വയോധികയ്ക്ക് അത് സമ്മതമായിരുന്നില്ല. നെയ്യാറ്റിന്‍കരയിലെ കുടുംബ വീട്ടില്‍ താമസിക്കാനാണ് വയോധികയുടെ ആഗ്രഹം. അയല്‍വാസികളുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും തനിക്ക് കുടുംബ വീട്ടില്‍ പോയി താമസിക്കാന്‍ കഴിയില്ലെന്നും മകന്‍ പറഞ്ഞു.

അമ്മയുടെയും മകന്‍റെയും വാദം കേട്ട ജഡ്ജി, വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസറോടും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനോടും റിപ്പോര്‍ട്ട് തേടി. വൃദ്ധ ദമ്പതികള്‍ക്ക് അനുകൂലമായാണ് സാമൂഹ്യനീതി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മറവി രോഗമുള്ളവര്‍ക്ക് സ്നേഹവും കരുതലും ലഭിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറവിരോഗം ബാധിച്ച് ഓർമ്മകൾ മങ്ങുമ്പോഴും വയോധികന്‍ തന്റെ ഭാര്യയിൽ ആശ്വാസം കണ്ടെത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അവര്‍ നല്ല നിമിഷങ്ങള്‍ പങ്കിട്ടു. അത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. മാതാപിതാക്കളില്‍ ഒരാളെ മറ്റേയാളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മക്കള്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

വയോധികയ്ക്ക് ഭര്‍ത്താവിനൊപ്പം അവരാഗ്രഹിച്ചതുപോലെ നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ ജീവിക്കാമെന്ന് കോടതി ഉത്തരവിട്ടു. അമ്മ സമ്മതിക്കുകയാണെങ്കില്‍ മകന് ആ വീട്ടില്‍ താമസിക്കുകയോ സന്ദര്‍ശനം നടത്തുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top