കൊച്ചി: ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധുര പ്രതികാരം. ചിരവൈരികളായ ബംഗളുരുവിനെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് കലൂരിലെ നിറ കാണികളെ സാക്ഷിയാക്കി പറഞ്ഞയച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോളാണ് ബെംഗളുരുവിന് തിരിച്ചടിക്കാനായത്.

2022-23 സീസണിലെ ബെംഗളൂരുവുമായുള്ള പ്ലേയ് ഓഫ് മത്സരം ഒരു കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും മറക്കാനാവില്ല അത്രമേൽ സങ്കടത്തിലാഴ്ത്തിയായിരുന്നു ബെംഗളുരുവിന്റെ വിവാദപരമായി ഗോൾ വഴിയുള്ള മടക്കം. എന്നാൽ എവിടെ അവസാനിപ്പിച്ചോ, അവിടുന്ന് തന്നെ ഫീനിക്സ് പക്ഷിയെ പോൽ പറന്നുയർന്ന് മുന്നേറുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കലൂരിലെ ജവഹർലാൽ നെഹുറു സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവുമായുള്ള കണക്കുകൾ വീട്ടിയത്.
തുടക്കം മുതലേ പന്ത് കൈവശം വെച്ച് തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ന് നാല് താരങ്ങളാണ് കൊച്ചിയിലെ നിറകാണികൾക്ക് മുന്നിൽ അരങ്ങേറ്റം കുറിച്ചത്. മുഹമ്മദ് ഐമൻ, ഐബാൻ ഡോലിംഗ്, മീലൊസ് ഡ്രിങ്കിച്, പ്രബീർ ദാസ്, പ്രീതം കൊട്ടാൽ എന്നിവരാണ് ഐ എസ് എൽ ബ്ലാസ്റ്റേഴ്സിന്റെ കുപ്പായത്തിൽ ഇന്ന് അരങ്ങേറ്റം കുറിച്ചത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഗോൾ നേടിയപ്പോൾ ബെംഗളൂരുവിന്റെ പ്രതോരോധ നിര താരമായ കെസിയ ഒരു സെല്ഫ് ഗോൾ വഴങ്ങിയായിരുന്നു ഗോളുകൾ പിരാക്കാതിരുന്ന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ ലീഡിലെത്തിച്ചത്.
ആദ്യ പകുതി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയുടെ 52 ആം മിനുട്ടിലാണ് ബെംഗളുരുവിന്റെ സെല്ഫ് ഗോൾ വഴി ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ കോർണറിൽ നിന്നും സമ്മർദ്ദത്തിലാഴ്ന്ന ബെംഗളൂരു പ്രതിരോധ നിര താരത്തിന്റെ തലയിൽ തട്ടിയാണ് ഗോളായത്. ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് അൽപ നേരം കളി തണുപ്പിച്ചെങ്കിലും ബെംഗളൂരു ഗോൾക്കീപ്പർ ഗുർപ്രീത് സിംഗിന്റെ പിഴവ് മുതലാക്കി രണ്ടാം ഗോളും നേടി. ഗോൾകീപ്പറിന്റെ കാലിൽ നിന്നും പന്ത് നഷ്ടപ്പെടുകയും മധ്യനിരയിൽ നിന്നും മിന്നൽ വേഗത്തിൽ പാഞ്ഞടുത്ത ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് ഒരു തൂവൽ സ്പർശം മാത്രമാണ് ഗോളാക്കാൻ വേണ്ടി വന്നത്.
90ആം മിനുട്ട് വരെ ബംഗളുരുവിനെ തങ്ങളുടെ ബോക്സിലേക്ക് അടുപ്പിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനെ മറികടന്നാണ് ബെംഗളൂരു ഗോൾ നേടിയത്. പന്ത് തട്ടിയകറ്റുന്നതിലെ പിഴവ് മുതലെടുത്താണ് ബെംഗളൂരു താരം മെയിൻ ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ട് പ്രധാന താരങ്ങളായ മാർക്കോ ലെസ്‌കോവിച്ചിനെയും ദിമിത്രിയോസ് ഡയമന്തക്കോസിനെയും കൂടാതെയാണ് ഇന്ന് മത്സരത്തിനിറങ്ങിയത്. എങ്കിലും ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം താരങ്ങളും തങ്ങളുടെ ചോരയും നീരും കൊടുത്ത് തന്നെയാണ് ഇന്ന് മത്സരത്തിലുടനീളം കാണാൻ സാധിച്ചത്.

