തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് പ്രതിസന്ധി മറികടക്കാൻ 50 കോടി രൂപയുടെ ധനസഹായം ഉറപ്പാക്കാൻ പദ്ധതികളുമായി സർക്കാർ. കരുവന്നൂരിലെ തിരിച്ചടി ഭയന്ന് കാലതാമസം കൂടാതെ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായി കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്തേക്കുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. കേരളാ ബാങ്ക് കരുവന്നൂരേക്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്ന് സമാഹരിക്കും. ഇതുമായി ബന്ധപ്പെട്ട് എം.കെ കണ്ണൻ തൃശ്ശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്.

സാമ്പത്തിക സഹായം നൽകുന്നതുമായി സംബന്ധിച്ച് നാളെ 11 ന് കേരളാ ബാങ്കിൻ്റെ ബോർഡ് യോഗം ചേരും.അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും. കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സി.പി.എം തീരുമാനിച്ചു. ഇതിനായി നിക്ഷേപം സ്വീകരിക്കുന്നതിന് സി.പി.എം നേതാക്കൾ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

