India

കാവേരി നദീജല തർക്കം; ബെം​ഗളുരുവിൽ ഇന്ന് ബന്ദ്

ബെം​ഗളുരു: കവേരി നദീജല തർക്കം രൂക്ഷമാകവെ ബെം​ഗളുരുവിൽ ഇന്ന് ബന്ദ്. കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടക ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 6 മണിമുതൽ 12 മണിക്കൂറാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കർണാടക ജല സംരക്ഷണ സമിതി. ഇന്ന് ബെം​ഗളുരുവിൽ പ്രതിഷേധ റാലി നടത്തുമെന്നും സംഘടന അറിയിച്ചു.

ബന്ദ് ആഹ്വാനത്തെ തുടർന്ന് പോലീസ് നഗരത്തിലുടനീളം 144 പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ബന്ദുകളിൽ ആദ്യത്തേതാണ് ഇത്. എന്നാൽ, ബന്ദിന് അനുമതി നൽകിയിട്ടില്ലെന്നും പ്രതിഷേധം ഫ്രീഡം പാർക്കിലേക്ക് പരിമിതപ്പെടുത്താൻ സംഘാടകരോട് ആവശ്യപ്പെട്ടുവെന്നും ബെംഗളുരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. സെക്ഷൻ 144 പ്രകാരം അർദ്ധരാത്രി മുതൽ നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

‘നാളെ ഞങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. ഞങ്ങൾ കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കും ‘ കഴിഞ്ഞ ദിവസം കർഷക യൂണിയൻ നേതാവ് കുർബുർ ശാന്തകുമാർ പറഞ്ഞു. പ്രതിഷേധത്തിന് സർക്കാരിൽ നിന്ന് ശരിയായ പ്രതികരണം ഉണ്ടായില്ലെങ്കിൽ തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരിമാർ, ട്രാൻസ്പോർട്ടർമാർ എന്നിവർ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ശാന്തകുമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top