കാസർകോട്: കാസർകോട് പാലക്കുന്നിൽ ഭിന്നശേഷിക്കാരന്റെ കട അടച്ചു തകർത്ത കേസിൽ ഒരാൾ പിടിയിൽ. ബേക്കൽ സ്വദേശി മുഹമ്മദ് ഇർഷാദിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. കടയിലെ ജീവനക്കാരനോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പള്ളം സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ കടയാണ് തകർത്തത്.

കഴിഞ്ഞ ദിവസം ബേക്കലിലെ ടർഫ് മൈതാനത്തെ ഗെയിം സെന്ററിൽ വന്നിരുന്നതിന് ബേക്കൽ സ്വദേശി അറഫാത്തും സുഹൃത്തുക്കളുമായി ടർഫിലെ ജീവനക്കാരനായ മുഹമ്മദ് ഇർഷാദ് വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനാണ് യുവാക്കളിലൊരാൾ ജോലി ചെയ്യുന്ന മുഹമ്മദ് കുഞ്ഞിയുടെ കടയിലെത്തി ആക്രമണം നടത്തിയത്.
മുഹമ്മദ് കുഞ്ഞിയുടെ കടയിലെത്തിയ ഇർഷാദ് കടയിലെ ജീവനക്കാരെ ഹെൽമറ്റ് കൊണ്ട് മർദിച്ചു. തുടർന്ന് മരവടി ഉപയോഗിച്ച് കടയിലെ സാധനങ്ങളും ഫർണിച്ചറുകളും അടിച്ചു തകർക്കുകയായിരുന്നു. കട തല്ലിത്തകർത്തത്തിൽ 85,000 രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് കുഞ്ഞി പറഞ്ഞു. മുഹമ്മദ് ഇർഷാദിനെ കാഞ്ഞങ്ങാട് കോടതി റിമാൻഡ് ചെയ്തു.

