കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയായ അരവിന്ദാക്ഷൻ. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്.

നേരത്തേ, ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. ഇ ഡി ഉദ്യോഗസ്ഥർ വടികൊണ്ട് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് അരവിന്ദാക്ഷൻ ഉന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചന്നാണ് അരവിന്ദാക്ഷന്റെ പരാതി. കരുവന്നൂർ തട്ടിപ്പിൽ ഇ പി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്തീന്റെയും പേര് പറയാൻ നിർബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാൽ കേസിൽ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും മകളുടെ വിവാഹ നിശ്ചയദിവസം വീട്ടിൽ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷൻ ആരോപിച്ചിരുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിൻറെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡൻറും സിപിഎം നേതാവുമായ എം കെ കണ്ണൻറെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണക്കുകൂട്ടുന്നത്.

