കൊച്ചി ∙ തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്റെ മൊഴികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പൊരുത്തക്കേടുകൾ കണ്ടെത്തി. ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ച കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത നാലുപ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്ത കേസുകളിൽ ഇ.ഡി. ഉദ്യോഗസ്ഥൻ മുൻപാകെ പ്രതികളും സാക്ഷികളും നൽകുന്ന മൊഴികൾക്കു തെളിവു മൂല്യമുണ്ടെങ്കിലും ഈ കേസിൽ പ്രധാനപ്പെട്ട പല സാക്ഷികളുടെയും മൊഴികൾ ഇ.ഡി. മജിസ്ട്രേട്ട് മുൻപാകെ വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എം.കെ.കണ്ണനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

മുഖ്യപ്രതികളായ സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ്കുമാർ, സിപിഎം പ്രാദേശിക നേതാവും ജനപ്രതിനിധിയുമായ പി.ആർ.അരവിന്ദാക്ഷൻ എന്നിവരുടെ ഫോണുകളിൽ നിന്ന് അന്വേഷണസംഘം വീണ്ടെടുത്ത ഡിജിറ്റൽ രേഖകളിലെ സൂചനകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എം.കെ.കണ്ണനെ ഇ.ഡി. ചോദ്യം ചെയ്തത്. മുൻമന്ത്രിയും എംഎൽഎയുമായ എ.സി.മൊയ്തീനെയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങളും ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. പിഎംഎൽഎ പ്രത്യേക കോടതി മുൻപാകെ കഴിഞ്ഞ ദിവസം ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന പൂർത്തിയാക്കി കോടതി നമ്പറിട്ടു ഫയലിൽ സ്വീകരിച്ച ശേഷം കേസിൽ തുടരന്വേഷണത്തിനു തയാറെടുക്കുകയാണ് ഇ.ഡി.

