Kerala

 നന്മകളാൽ സമൃദ്ധമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി,കൂരിരുട്ടിലെ മൺചിരാത്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ സൽപേരിനെ കളങ്കപ്പെടുത്തുന്ന സ്റ്റാഫിന്റെ അന്തസിനെ ഇകഴ്ത്തുന്ന നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കിടപ്പുണ്ട്. ലോക വയോജന ദിനത്തിൽ മനുഷ്യ നന്മയിൽ വിശ്വാസം വർദ്ധിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന സംഭവങ്ങളെ അവതരിപ്പിക്കുക എന്നത് ഒരു പൗരന്റെ തന്നെ  കടമയായി കരുതുന്നു.

ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് പേർ മാസങ്ങളായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സർജറി വാർഡിന്റെ വരാന്തയിൽ എണീക്കാൻ ആവതില്ലാതെ ആ അമ്മ കിടന്നു. ഏക മകനും ഒരുപാട് വ്യൂവേഴ്സ് ഉള്ള യൂട്യൂബ് വ്ലോഗ്ഗറായ കൊച്ചുമകളും കാണാൻ വന്നില്ലെങ്കിലും ജീവിതസായാഹ്നത്തിൽ ആ അമ്മ സന്തോഷവതിയായിരുന്നു. അവരെ കുളിപ്പിക്കുകെയും ഭക്ഷണം വാരി നൽകുകയും ചെയ്ത ജനറൽ ആശുപത്രിയിലെ സുകൃത ജന്മങ്ങൾക്കു നിറയെ നന്മകൾ നേരുന്നു.

മണിമലക്കാരൻ കുട്ടൻ കാലിനു ഗുരുതരമായ പരുക്ക് പറ്റികിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഉറ്റവരായ ആരും ഇല്ലാത്ത കുട്ടന് കൂട്ടായി ചികിത്സയും പരിചരണവും ഒരുക്കി ജനറൽ ആശുപത്രി ടീം കൂടെ നിന്നു. ആശുപത്രി വിട്ടുപോകാൻ ഇവർ രണ്ടുപേർക്കും താല്പര്യം ഇല്ലായിരുന്നു ഇതുവരെ കിട്ടാതിരുന്ന സ്നേഹവും കരുതലും ജീവിത സായാഹ്നത്തിൽ ഈ ജനറൽ ആശുപത്രിയിൽ നിന്നും അവർക്കു ലഭിച്ചു ഇവരെ പരിചരിക്കുന്നതിനു നേതൃത്വം നൽകിയത് സിസ്റ്റർ ജാനറ്റാണ് . സിസ്റ്ററുടെ സാന്നിധ്യം ഏറെ ആശ്വാസമാണ് ഇവിടെ എത്തുന്ന രോഗികൾക്ക്. ജാനറ്റ് സിസ്റ്ററിന്റെ ജീവിതം നന്മകളാൽ സമൃദ്ധമാക്കട്ടെ എന്ന് ആശംസിക്കുന്നു.

പോലീസുകാർക്ക് എന്താ ഈ വീട്ടിൽ കാര്യമെന്ന് ആരും എ.എസ്.ഐ. റ്റി.പി. സജീവനോട് ചോദിക്കില്ല. കുന്നേലാശുപത്രി അദ്ദേഹത്തിന് സ്വന്തം വീട് തന്നെയാണ്. സദാകർമ്മനിരതനായി രോഗികൾക്ക് ചങ്ങാതിയായി സജിവ് ജനറൽ ആശുപത്രിയിൽ ഉണ്ട്.ആരോ ആശുപത്രിയിൽ ഇറക്കിവിട്ടതാണ് മനോരോഗിയായ ആ മനുഷ്യനെ. ആശുപത്രി വളപ്പിൽ മലമുത്ര വിസർജ്ജനം നടത്തി ദിവസങ്ങളായി പരിഭ്രാന്തി പരത്തി നടന്ന ആളെ അനുനയിപ്പിച്ച് മുടി വെട്ടി വസ്ത്രം ധരിപ്പിച്ച് സുരക്ഷിതയിടത്തിൽ പോലീസ് സഹായത്തോടെ എത്തിച്ച ജനറൽ ആശുപത്രിയുടെ കാവലായ പോലീസ് ഓഫീസർ റ്റി. പി. സജീവന് ബിഗ് സല്യൂട്ട്.

 

ഇവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും സുരക്ഷതയിടങ്ങളിൽ ഏല്പിക്കുവാൻ നേതൃത്വം നൽകിയ ഡോ.എൻ. ജയരാജ്‌ എം എൽ എ, ബ്ലോക്ക്‌ പ്രസിഡന്റ്‌ മുകേഷ് കെ മണി, റെജി കാവുങ്കൽ, ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി, ആർ.എം.ഓ. ഡോ. രേഖ ശാലിനി, ചികിത്സാ കാര്യങ്ങൾക്കു നേതൃത്വം നൽകിയ ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. അനു ജോർജ്, ഡോ. അനീഷ്‌ വർക്കി എന്നിവരോടും ജാനറ്റ് സിസ്റ്ററിനും ടീമിനും നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഉപാധികളില്ലാതെ ഇവരെ സ്വീകരിച്ച ചെങ്കല്ലേപള്ളിയിലെ ആകാശപറവകളോടും പാലായിലെ മരിയ സദനത്തോടും, കൊരട്ടിയിലെ ഓൾഡ് ഏജ് ഹോം അധികാരികളോടും ഉള്ള തീരാത്ത കടപ്പാട് അറിയിക്കുന്നു.ഈ ആശുപത്രി ഇനിയും വളരണം… ഒരുപാട് പേർക്ക് കരുണയും സ്വാന്തനവും ആകണം…. നന്മ നിറഞ്ഞ ഒരു പിടി ആളുകൾ ഇവിടെ ഉള്ളടത്തോളം കാലം അത് അങ്ങനെ തന്നെ ആവുകയും ചെയ്യും.ആശുപത്രിയെ സ്വകാര്യ ആശുപത്രികളുടെ കിമ്പളം വാങ്ങി കല്ലെറിയുന്നവർ ഒന്നോർക്കുക ഈ മനുഷ്യനന്മകളെ ഈ സുകൃതങ്ങലെ നിങ്ങള്ക്ക് എങ്ങനെ അവഗണിക്കാനാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top