ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകൻ എന്നു വിളിക്കപ്പെട്ടു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന് ചാർത്തിക്കൊടുക്കാൻ ഉലകനായകൻ എന്നതിലുപരി ഒരു പഥമുണ്ടോ എന്ന് സംശയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിതുയർത്തുക എന്ന സ്വപ്നം മനസിൽ പേറി നടന്ന വ്യക്തി. തമിഴന്, അതിലുപരി ഇന്ത്യൻ പൗരന് അത്തരമൊരു പെരുമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.

അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കപ്പെടുന്നത് ഇന്ത്യയിലാണെങ്കിൽ, താരതമ്യേന ഇംഗ്ലീഷ് സാക്ഷരതയിൽ നമ്മൾ മുന്നിലാണെങ്കിൽ, ഞൊടിയിടയിൽ ‘ഇന്റർനാഷണൽ’ ആവാൻ പ്രാപ്തിയുള്ളവരാണ് തങ്ങളെന്ന് അദ്ദേഹം ഉറച്ചുപറഞ്ഞു. അതൊരു സിനിമാപ്രേമിയുടെ ആണയിടലാണ്. ആറ് ദശകത്തിന് മേലായി സിനിമയെ അടുത്തറിഞ്ഞതിന്റെ ഉൾബലമാണ്. താങ്കളുടെ ഉള്ളിലെ പ്രതിഭ സംതൃപ്തിപ്പെടുന്നത് എന്തിലെന്ന ചോദ്യം ചോദിക്കുമ്പോൾ ചോദ്യകർത്താവായിരുന്ന ഭരദ്വാജ് രംഗൻ ഒരിക്കലും ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല. അവിടെയാണ് കമൽ ഹാസൻ എന്ന വ്യക്തി ഒരു നടനപ്പുറം നമുക്കൊപ്പമുള്ളൊരു സാമൂഹ്യജീവിയാണെന്ന തോന്നൽ ജനിപ്പിക്കുന്നത്.

