കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം നടക്കവെ ഡൊമിനിക് മാർട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കൺവൻഷൻ സെന്ററിലുണ്ടായിരുന്നുവെന്ന് മൊഴി. ഡൊമിനിക് മാർട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യമുളളത്.

അതേസമയം സ്ഫോടനത്തിന്റെ ആസൂത്രണം തന്റേത് മാത്രമെന്ന് ഡൊമിനിക് മാർട്ടിൻ മൊഴി നൽകി. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണ്. പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു. രാവിലെ 7.30 ന് ആദ്യം പ്രാർഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെ നിന്ന് തിരികെ പോയി. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നൽകി.
വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ടു മാസം മുമ്പെ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തി. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിർമ്മിച്ചു. പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കൺവൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിലെത്തി. സ്കൂട്ടറിലാണ് എത്തിയത്. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത് ടിഫിൻ ബോക്സിലല്ല. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്.

