India

കളമശ്ശേരി സ്ഫോടനം; റിപ്പോർട്ട് തേടി കേന്ദ്രം, മുഖ്യമന്ത്രിയെ വിളിച്ച് അമിത് ഷാ

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഫോടനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.

എൻഎസ്ജി സംഘം കേരളത്തിലേക്കെത്തും. എൻഐഎ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. സംസ്ഥാന പൊലീസ് മേ​ധാവി സ്ഥലത്തെത്തിയാൽ അന്വേഷണ സംഘത്തെ രൂപീകരിക്കും. സ്ഥലത്ത് പരിശോധന ശക്തമാക്കി. ഡോ​ഗ് സ്ക്വാഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സർക്കാർ നിർദേശിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടക്കുന്നു. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് സ്‌ക്വഡിന്റെ പരിശോധന നടന്നു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടുപേരിൽ ഒരാൾ കുട്ടിയാണ്. ഇരുവർക്കും 50 ശതമാനത്തിൽ കൂടുതൽ പൊള്ളൽ ഏറ്റിട്ടുണ്ട്. 30 സെക്കൻഡ് ഇടവിട്ട് സ്ഫോടനം നടന്നുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമാണിന്ന്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെയുളള സമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്ഫോടനം നടന്നത്.

സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതേയുള്ളൂ. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയിട്ടുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തും. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഗൗരവമായി എടുത്ത് പരിശോധിക്കും. ഒരാള്‍ മരണപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരം, കുറച്ചുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top