കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്കൂളിൽ രാവിലെ 10.30 ന് മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം മലയാറ്റൂർ കോടനാട് പാലത്തിനു സമീപമുള്ള വാടകവീട്ടിൽ എത്തിക്കും. തുടർന്ന് കൊരട്ടി യഹോവാ സാക്ഷികളുടെ സെമിത്തേരിയിൽ 3.30ന് സംസ്കാരം നടത്തും.

ലിബിനയുടെ അമ്മ സാലിയും ജേഷ്ഠ സഹോദരൻ പ്രവീണും ഇപ്പോഴും ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സഹോദരൻ രാഹുലും പൊള്ളലേറ്റ് ചികിത്സയിലാണ്. അച്ഛൻ പ്രദീപും ബന്ധുക്കളും ചേർന്ന് ലിബിനയുടെ മൃതദേഹം രാവിലെ കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് ഏറ്റുവാങ്ങും.
ഒക്ടോബർ 29-ാംതീയതി രാവിലെ കളമശേരി സാമ്ര കൺവെൻഷൻ സെൻ്ററിലുണ്ടായ സ്ഫോടനത്തിലാണ് ലിബിനക്കടക്കം ജീവന്‍ നഷ്ടപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടയിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമായിരുന്നു സ്ഫോടനം ഉണ്ടായത്. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്.

