കൊച്ചി: നാടിനെയും നഗരത്തെയും പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കളമശേരി സ്ഫോടനം. അപ്രത്യക്ഷമായി നടന്ന സംഭവത്തിൽ ഒരു മരണംകൂടി. കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്.

മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അഞ്ചുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മോളിയെ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കളമശ്ശേരി സ്‌ഫോടനക്കേസില്‍ റിമാന്‍ഡിലായ പ്രതി മാര്‍ട്ടിന്‍ ഡൊമിനിക്കിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ്. ഇതിനായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. സംഭവത്തില്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു പറയുന്നത്. പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ബോംബ് സ്‌ഫോടനം ആസൂത്രണം മുതല്‍ സ്‌ഫോടനം വരെയുള്ള സംഭവങ്ങളില്‍ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അതിനായി മാര്‍ട്ടിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സാക്ഷികള്‍ എന്നിവരുടെ മൊഴിയെടുപ്പും തുടരുന്നുണ്ട്.
മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ദിവസമാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ തന്റെ ഫ്‌ളാറ്റില്‍ വെച്ച് എങ്ങനെയാണ് ബോംബ് ഉണ്ടാക്കിയതെന്ന് മാര്‍ട്ടിന്‍ കാണിച്ചുകൊടുത്തിരുന്നു. എന്നാല്‍, മുന്‍പരിചയമില്ലാതെ, എങ്ങനെ ബോംബ് നിര്‍മിച്ചുവെന്നും കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

