Kerala

നടന്‍ കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി:അന്തരിച്ച സിനിമ നടന്‍ കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ ഒമ്പത് മണി മുതല്‍ എറണാകുളം ശാന്തി മഹല്ലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. മമ്മൂട്ടി, ദിലീപ്, ഷെയ്ന്‍ നിഗം അടക്കമുള്ള സിനിമ മേഖലയിലെ പ്രമുഖര്‍ ഇന്നലെ ഹനീഫിന്റെ മട്ടാഞ്ചേരിയിലെ വസതിയിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹനീഫിന്റെ മരണം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ഹനീഫ്, ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമിയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഈ പറക്കും തളിക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മണവാളനായി എത്തിയ ഹനീഫിന്റെ കഥാപാത്രം ഇന്നും സോഷ്യല്‍ മീഡിയ മീമുകളില്‍ സജീവമാണ്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. നൂറിലധികം ടെലിസീരിയലുകളിലും ഹനീഫ് അഭിനയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top