കടുത്തുരുത്തി; എവിടെ നിന്നോ എത്തിയ മയിൽ നാട്ടുകാർക്കു തലവേദനയായി. പാഴുത്തുരുത്ത്, പുതിയാപറമ്പ് പ്രദേശങ്ങളിലാണ് വിരുന്നെത്തിയ മയിൽ നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കുന്നത്. വീട്ടുമുറ്റത്തും പുരയിടത്തിലും പറന്നെത്തുന്ന മയിൽ പുരയിടത്തിലെ കപ്പയും വാഴക്കുലകളും നശിപ്പിക്കുകയാണ്. കൂടാതെ വീട്ടുമുറ്റത്തെ കോഴികളെയും താറാവുകളെയും കൊത്തിയോടിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം പാഴുത്തുരുത്ത് മേരി ജോർജിന്റെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ ഗ്ലാസ് കൊത്തി തകർക്കാൻ ശ്രമിച്ചു. ഓടിച്ചു വിട്ടതിനെ തുടർന്ന് വാഴത്തോട്ടത്തിൽ കയറി പൂവൻ വാഴക്കുലകളുടെ കായ് കൊത്തിപ്പറിച്ചു. സമീപത്തുള്ള മരിച്ചീനികളുടെ ചുവട് മാന്തി മറിച്ചിട്ടു. വീട്ടുകാർ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. എല്ലാ ദിവസവും പ്രദേശത്തെ വീടുകളിൽ മയിൽ എത്തുന്നുണ്ട്.

