Crime

നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തതുകൊണ്ടാണ് അപലപിക്കാത്തത്., പ്രതികള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കും

എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് വധക്കേസില്‍ അറസ്റ്റിലായ അഞ്ചുപേരും നിരപരാധികളാണെന്ന് ആവര്‍ത്തിച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് വീണ്ടും രംഗത്തുവന്നിരുന്നു. ആസൂത്രിതമായ കൊലപാതകമെന്ന സിപിഎം വാദം തള്ളിക്കൊണ്ട് പോലീസ് തന്നെ രംഗത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്ന വിധത്തിലാണ് കുത്തേറ്റ എസ്‌എഫ്‌ഐക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Ad

ധീരജിന് കുത്തേല്‍ക്കുന്നത് ആരും കണ്ടിട്ടില്ലെന്ന വീഡിയോ കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ വൈറലാണ് താനും. ഈ പശ്ചാത്തലത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ കെ സുധാകരന്‍ നിലപാട് അറിയിച്ചത്. ധീരജിനെ നിഖില്‍ കുത്തിയത് പ്രാണരക്ഷാര്‍ത്ഥമാണെന്ന വാദമാണ് സുധാകരന്‍ മുന്നോട്ടുവെച്ചത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരും രംഗത്തുവന്നു.

എന്നാല്‍ ഈ മാധ്യമപ്രവര്‍ത്തകരെയും അതേനാണയത്തില്‍ നേരിടുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്തത്. സംഭവത്തില്‍ കെപിസിസി ഒരു അഭിഭാഷകനെ വെച്ച്‌ അന്വേഷണം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ നിഖില്‍ പൈലി അടക്കമുള്ളവര്‍ക്ക് നിയമസഹായം നല്‍കുമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയത്.

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ പറഞ്ഞ മൊഴിയുടെ വീഡിയോ ചൂണ്ടിക്കാട്ടി സുധാകരന്‍ ഇത് നോക്കാന്‍ പറഞ്ഞു. ബഹളം തുടര്‍ന്നപ്പോള്‍ ഇത് കേള്‍ക്ക്. നിങ്ങള്‍ അങ്ങനെ ബഹളം വെച്ചാലൊന്നും ഞാനെങ്ങും മാറിപ്പോകൂല്ല. നിങ്ങള്‍ക്ക് കടപ്പാട് ഉണ്ടാകും. അതുകൊണ്ടൊന്നും എന്നെ പഠിപ്പിക്കാന്‍ നോക്കണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. ഈ കുത്തു കൊണ്ട ചെറുപ്പക്കാര്‍ പറയുന്നത് കേള്‍ക്കൂ.

നിങ്ങള്‍ എന്താണ് കേള്‍ക്കാന്‍ സമ്മതിക്കാത്തത് എന്ന ചോദ്യവും ഉന്നയിച്ചു. കണ്ടില്ലെന്ന് പറഞ്ഞാല്‍ അതിന് എന്താണ് അര്‍ത്ഥമെന്നും സുധാകന്‍ ചോദിച്ചു. അസംബന്ധം പറയുന്നതിന് കണക്കു വേണമെന്നുമാണ് തുടര്‍ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയതും. നിങ്ങള്‍ നിങ്ങളുടെ പോലീസിനോട് ചോദിക്ക് മിസ്റ്റര്‍ എന്നിട്ടു വര്‍ത്തമാനം പറയൂ. മാധ്യമ പ്രവര്‍ത്തകരാണെന്ന് കരുതി ശുദ്ധ നുണ പറയരുതെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. തര്‍ക്കിക്കാന്‍ വേണ്ടിയാണെങ്കില്‍ തര്‍ക്കിക്കാം. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തതുകൊണ്ടാണ് അപലപിക്കാത്തത്. പ്രതികള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കും. കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഖില്‍ പൈലിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ്‌യുവിന്റെ തലയില്‍ വരുന്നുവെന്ന് കെ സുധാകരന്‍ ചോദിച്ചു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി. ഒരു ജീവന്‍ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. തന്റെ മനസ് കല്ലും ഇരുമ്പുമല്ല. മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മരണത്തിലും ആഘോഷം നടക്കുകയാണ്.

മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി ആഘോഷമാക്കാന്‍ ശ്രമിച്ചു. അവിടെ മാത്രമല്ല ആഘോഷം തിരുവാതിര നടത്തി പിണറായിയെ പുകഴ്‌ത്തിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. സിപിഎം ഭരണത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി. ഇതില്‍ 28 എണ്ണത്തില്‍ സിപിഎമ്മാണ് പ്രതിയായത്. 12 എണ്ണത്തില്‍ ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധീരജിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാത്ത പോലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top