കൊച്ചി: സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ കോടികൾ മുടക്കി ‘പിണറായിപ്പെരുമ’ ആഘോഷിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാവപ്പെട്ട ജനങ്ങളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് ആഘോഷിക്കാന്‍ കഴിയുകയെന്ന ഹൈക്കോടതിയുടെ നിരീക്ഷണമെങ്കിലും മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിക്കണമെന്ന് സുധാകരൻ പറഞ്ഞു. സര്‍ക്കാര്‍ നൽകേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവയ്ക്കുകയും ആ പണം പിണറായിയെ സ്തുതിക്കാന്‍ വിനിയോഗിക്കുകയും പാര്‍ട്ടി അസഹനീയമായ പിരിവു നടത്തുകയും ചെയ്യുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഈറനണിയുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ പണം നൽകാത്തതിനാൽ രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് ഇന്ധനവും അടുക്കളയില്‍ അവശ്യസാധനങ്ങളും മുടങ്ങിയ അത്യപൂര്‍വ സംഭവമാണ് ലോകം കാണുന്നത്. 28 കോടി രൂപ മുടക്കി പിണറായിപ്പെരുമ ആഘോഷിച്ചതിന്റെ കൊട്ടിക്കലാശം തീരും മുമ്പ് കേരളത്തിന്റെ യഥാര്‍ത്ഥ അവസ്ഥയാണ് പുറത്തു വന്നത്. ഇതില്‍പ്പരമൊരു നാണക്കേട് ഉണ്ടാകാനില്ലെന്നും സുധാകരൻ പറഞ്ഞു.

