Kerala

പ്രധാനമന്ത്രി ഓടുമ്പോള്‍ പിന്നാലെ ഓടലാണ് പണി; മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്; കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ എന്നെ കൊണ്ട് പറയിപ്പിക്കരുത്. പ്രധാനമന്ത്രി ഓടുമ്പോള്‍ പിന്നാലെ ഓടുകയാണ് പണി, കൂടുതല്‍ എഴുന്നുള്ളിക്കാതിരിക്കുകയാണ് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ വണ്ടിയെ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എത്തിയവര്‍ പാര്‍ട്ടി പതാകയുമായി വണ്ടിയില്‍ കയറിയിട്ട് അവരുടെ നേതാക്കന്‍മാര്‍ക്കായി മുദ്രാവാക്യം വിളിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇത് ഞങ്ങള്‍ക്കും അറിയാഞ്ഞിട്ടല്ല. ഞങ്ങള്‍ ഇത് ചെയ്താല്‍ നാളെ അതിന്റെ പേരില്‍ കേരളത്തിന് കിട്ടേണ്ട ട്രെയിനുകള്‍ മുടങ്ങുമെന്നതിനാലാണ് ചെയ്യാത്തത്. അത് ദൗര്‍ബല്യമായി കാണരുതെന്നും മുരളീധരന്‍ പറഞ്ഞു.

രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മര്‍ദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നല്‍കിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. എന്നാല്‍ ഉദ്ഘാടന യാത്ര ബിജെപി യാത്രപോലെയായിരുന്നു.
മുന്‍പൊന്നും വികസനപരിപാടികളുടെ ഉദ്ഘാടനത്തിന് ഇത്തരം പ്രവണതകള്‍ ഉണ്ടായിരുന്നില്ല. ഒ രാജഗോപാലാണ് ജനശതാബ്ദി കൊണ്ടുവന്നത്. അന്ന് ഒരു ബഹളവും ഉണ്ടായിരുന്നില്ല. കണ്ണൂര്‍- കൊച്ചി ഇന്റര്‍സിറ്റി വന്നപ്പോഴും രാജധാനി എക്‌സ്പ്രസ് വന്നപ്പോഴും ആലപ്പുഴ റെയില്‍വേ ലൈന്‍ തുടങ്ങിയപ്പോഴൊന്നും ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. വികസന പരിപാടികളെ പാര്‍ട്ടി പരിപാടികള്‍ ആക്കുന്നത് മേലാല്‍ ആവര്‍ത്തിക്കരുത്. രണ്ടാം വന്ദേഭാരത് അനുവദിക്കുന്നതില്‍ കേരളത്തിലെ എല്ലാ എംപിമാരുടെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും അതിനായുള്ള ശുപാര്‍ശ നടത്തിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top