Kerala

കേരള കോൺഗ്രസിൻ്റെ പ്രഖ്യാപിത നയപരിപാടികളുമായി യോജിച്ചു പോകുന്ന ബജറ്റെന്ന് ജോസ് കെ മാണി എംപി

 

 

 

 

കോട്ടയം : കേരള കോൺഗ്രസിൻ്റെ പ്രഖ്യാപിത നയപരിപാടികളുമായി യോജിച്ചു പോകുന്ന ബജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച 2022-23 വര്‍ഷത്തെ സംസ്ഥാനത്തെ സംസ്ഥാന ബജറ്റെന്നു കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. റബറിന് 500 കോടിയുടെ സബ്‌സിഡി പ്രഖ്യാപിച്ചതും നെല്ലിന് താങ്ങുവില നിശ്ചയിച്ചതും നാളികേര വികസനത്തിന് 73.90 കോടി വകയിരുത്തിയതും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചുളള സയൻസ് – ഐ ടി പാർക്കുകളും ഉൾപ്പെടെയുള്ള പദ്ധതികൾ കേരളാ കോൺഗ്രസ് ആശയങ്ങളുമായി യോജിച്ചുകൊണ്ടുള്ളതാണെന്നു ജോസ് കെ മാണി പറഞ്ഞു.

 

അതിൽ ഏറ്റവും എടുത്തുപറയേണ്ട മറ്റൊന്ന് കെ.എം.മാണി സാറിന്റെ സ്വപ്ന പദ്ധതിയായ കാരുണ്യ പദ്ധതിക്ക് പുതുജീവന്‍ നല്‍കാന്‍ 500 കോടി വകയിരുത്തിയതാണ് . ഇക്കാര്യത്തിൽ ഓരോ കേരളാ കോൺഗ്രസ് പ്രവർത്തകർക്കും‍ ഏറെ സന്തോഷമുണ്ട്. പാവപ്പെട്ട രോഗികളോടുള്ള കരുണയും കരുതലുമാണിത്.കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്നതാണ് കേരളാ കോൺഗ്രസിന്റെ മറ്റൊരു നയപരിപാടി. അതിനാൽ തന്നെ സംസ്ഥാനമൊട്ടുക്കും സയൻസ് – ഐ ടി പാർക്കുകൾ വിഭാവനം ചെയ്യുന്ന ഈ ബജറ്റിനെ മനുഷ്യവിഭവശേഷിയുടെ ശാക്തീകരണം ലക്ഷ്യമിട്ട ദീര്‍ഘവീക്ഷണത്തോടെയുള്ള ‘ അഗ്രി – എഡ്യൂ- ടെക്’ ബജറ്റെന്ന് വിശേഷിപ്പിക്കാം.

 

കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച പ്രധാന കാര്‍ഷിക ആവശ്യങ്ങളിൽ പലതും ബജറ്റിൽ ഇടം പിടിച്ചു എന്നതിൽ അത്യാഹ്ളാദമുണ്ട് . റബ്ബര്‍ കാര്‍ഷിക മേഖലയില്‍ 500 കോടി രൂപയാണ് സബ്‌സിഡി പ്രഖ്യാപിച്ചത്. റോഡ് നിര്‍മ്മാണത്തില്‍ ബിറ്റുമിനോടൊപ്പം റബ്ബറും ഉപയോഗിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതും ഈ മേഖലയ്ക്ക് കരുത്തേകുന്ന ഭാവനാസമ്പന്നമായ നടപടിയാണ്.നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയര്‍ത്തുന്നതിന് 50 കോടി രൂപ നീക്കിവെച്ചതും, നാളികേര വികസനത്തിന് 73.90 കോടി വകയിരുത്തിയത് സ്വാഗതാർഹം തന്നെ . സിയാല്‍ മാതൃകയില്‍ കാര്‍ഷിക വികസന കമ്പനി രൂപീകരിക്കുമെന്ന പ്രഖ്യാപനവും മാതൃകാപരമാണ്.

 

കേരളം നേരിടുന്ന ഒരു വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണം. വനാതിര്‍ത്തികളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടുന്ന ജനസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണത്തിനെതിരെ കേരള കോണ്‍ഗ്രസ് എം അതിശക്തമായ സമരപരിപാടികളാണ് ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നത്.ഇക്കാര്യം ഇക്കഴിഞ്ഞ സമ്മേളനത്തിൽ പാര്‍ലെമെന്റിന്റ ശ്രദ്ധയില്‍ കൊണ്ടുവരികയും നിയമ ഭേദഗതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ട്രൈബ്യൂണല്‍ ഉള്‍പ്പെടെ സ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു .

 

ഈ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനായി 25 കോടി രൂപ നീക്കിവച്ചത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ്. ഇതില്‍ 7 കോടി വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ഉറ്റവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരമാണെന്നത് എടുത്തു പറയേണ്ടതാണ്.കൂടുതല്‍ സയന്‍സ് പാര്‍ക്കുകളും ടെക്‌നോപാര്‍ക്കുകളും പ്രഖ്യാപിച്ചത് ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന് പുതിയ പ്രതിഛായ നല്‍കും- അദ്ദേഹം പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top