തിരുവനന്തപുരം: സർക്കാരിന്റെ കേരളീയം പരിപാടി വളരെ ആഘോഷമായാണ് നടന്നത്. ഒത്തിരിയധികം താരങ്ങളും പങ്കെടുത്തിരുന്നു. എന്നാൽ, അതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും നടിയുമായ ജോളി ചിറയത്ത്. കേരളീയം പരിപാടിയിൽ സ്ത്രീ സാന്നിധ്യം കുറവായിരുന്നു എന്നതുമായി ബന്ധപ്പെട്ടാണ് നടി രംഗത്തെത്തിയത്.

കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടനവേദിയിൽ സ്ത്രീ സാന്നിധ്യം പേരിനു മാത്രമായെന്ന വിമർശനത്തോടെ ജോളി ചിറയത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ചർച്ചയായി. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം.
‘‘കാലം ഇത്രയും പുരോഗമിച്ചു. നമ്മൾ ജെൻഡർ ന്യൂട്രലാകുന്നു. എന്നിട്ടും സ്ത്രീപ്രാതിനിധ്യം പുറകോട്ടു പോകുന്നതായാണ് എനിക്കു തോന്നുന്നത്. ഇത്തരം കാര്യങ്ങളിൽ നമ്മൾ മതസംഘടനകളെയായിരുന്നു വിമർശിച്ചുകൊണ്ടിരുന്നത്. അവരുടെ വേദികളിൽ സ്ത്രീകളില്ലെന്ന്! പക്ഷേ, ഇപ്പോൾ നമ്മൾ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ! സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ പോലും ഉൾക്കൊള്ളാൻ പോലും കഴിയാത്തത്ര അറ്റത്ത്! അതിന്റെ പരിഹാസ്യത പറയാതിരിക്കാൻ വയ്യ! ഒരു ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകൾ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകൾ ചെയ്യേണ്ടത്? അതു ചൂണ്ടിക്കാണിക്കമെന്നു എനിക്കു തോന്നി,’’ ജോളി ചിറയത്ത് പ്രതികരിച്ചു.

