വാഷിംഗ്ടണ്‍: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനു ശേഷം ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ആത്യന്തികമായി പാലസ്തീന്‍ അതോറിറ്റി ഭരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

‘സമാധാനത്തിനായി ഞങ്ങള്‍ പരിശ്രമിക്കുമ്പോള്‍, ഗാസയും വെസ്റ്റ് ബാങ്കും ഒരൊറ്റ ഭരണ ഘടനയ്ക്ക് കീഴില്‍, ആത്യന്തികമായി പുനരുജ്ജീവിപ്പിച്ച പാലസ്തീന്‍ അതോറിറ്റിക്ക് കീഴില്‍ ഒരുമിക്കണം,’ ബൈഡന്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു.
”ഗാസയില്‍ നിന്ന് പാലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കരുത്, വീണ്ടും അധിനിവേശം പാടില്ല, ഉപരോധമോ പ്രദേശത്തിന്റെ വലിപ്പം കുറയ്ക്കുകയോ ചെയ്യരുത്,” ബൈഡന്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരെ ആക്രമിക്കുന്ന ‘തീവ്രവാദികള്‍’ക്കെതിരെ വിസ നിരോധനം പുറപ്പെടുവിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ബൈഡന്‍ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്ന പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം വര്‍ദ്ധിച്ചു.
‘വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ തീവ്രവാദ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അക്രമം നടത്തുന്നവര്‍ ഉത്തരവാദികളായിരിക്കണമെന്നും ഇസ്രായേല്‍ നേതാക്കളോട് ഞാന്‍ ഊന്നിപ്പറയുന്നു,’ ബൈഡന്‍ പറഞ്ഞു.

