Entertainment

ബാറ്റിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രായത്തിൽ വിവാഹത്തിൽ ശ്രദ്ധിച്ചതാണ് വിരാട് കോലിയുടെ തകർച്ചയുടെ തുടക്കം:റാവൽപിണ്ടി എക്സ്പ്രസ്

മുംബൈ:ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. 29–ാം വയസ്സിൽ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും അക്തർ അഭിപ്രായപ്പെട്ടു. വിരാട് കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തർ വ്യക്തമാക്കി. വിവാഹം താരങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് സമ്മർദ്ദം സൃഷ്ടിക്കുമെന്നും അക്തർ ചൂണ്ടിക്കാട്ടി.

‘വിരാട് കോലി ഏതാണ്ട് 6–7 വർഷക്കാലം ഇന്ത്യയെ നയിച്ചു. സത്യത്തിൽ ഞാൻ കോലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന ആളല്ല. നായകസ്ഥാനം ഏറ്റെടുക്കുന്നതിനു പകരം കോലി ശരാശരി 100–120 റൺസ് വീതം സ്കോർ ചെയ്യുന്നതായിരുന്നു എനിക്ക് ഇഷ്ടം. അദ്ദേഹം ബാറ്റിങ്ങിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഏറ്റവും ഉചിതം’ – അക്തർ പറഞ്ഞു.

‘വിരാട് കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ പ്രായത്തിൽ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാൻ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ റൺസ് നേടി കരിയർ ആസ്വദിക്കുമായിരുന്നു. കരിയറിലെ ഈ 10–12 വർഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക് പിന്നീട് ലഭിക്കുകയുമില്ല’ – അക്തർ ചൂണ്ടിക്കാട്ടി.

‘വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, നിങ്ങൾ ഇന്ത്യയ്‌ക്കായി കളിക്കുമ്പോൾ കുറച്ചുകാലം കൂടി അതിൽ ശ്രദ്ധിക്കണമായിരുന്നു. ആരാധകർക്ക് കോലിയെന്ന് വച്ചാൽ ജീവനാണ്. ആ സാഹചര്യത്തിൽ കഴിഞ്ഞ 20 വർഷമായി ആരാധകർ നൽകുന്ന സ്നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നൽകാൻ കോലിയും ബാധ്യസ്ഥനാണ്’ – അക്തർ വിശദീകരിച്ചു.

 

വിവാഹം കളിക്കാരന്റെ കരിയറിനെ ബാധിക്കുമോയെന്ന ചോദ്യത്തിന്, ‘ബാധിക്കും’ എന്നായിരുന്നു അക്തറിന്റെ മറുപടി. ഭാര്യയും കുഞ്ഞുങ്ങളുമാകുന്നതോടെ കളിയിൽ പഴയപോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്ന് അക്തർ ചൂണ്ടിക്കാട്ടി.

 

‘വിവാഹത്തിന്റെയും ക്യാപ്റ്റൻസിയുടെയും സമ്മർദ്ദം തീർച്ചയായും ബാറ്റിങ്ങിനെ ബാധിക്കും. കുടുംബാംഗങ്ങളിൽനിന്നും മക്കളിൽനിന്നും സ്വാഭാവികമായി സമ്മർദ്ദമുണ്ടാകും. ഉത്തരവാദിത്തം കൂടുന്നതിന് അനുസരിച്ച് സമ്മർദ്ദവുമേറും. ക്രിക്കറ്റ് താരങ്ങൾക്ക് 14–15 വർഷമാണ് ശരാശരി കരിയർ. അതിൽ 5–6 വർഷമാണ് മികവിന്റെ ഔന്നത്യത്തിൽ ഉണ്ടാകുക. കോലിയെ സംബന്ധിച്ച് ആ വർഷങ്ങൾ കടന്നുപോയി. ഇനി കോലിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്’ – അക്തർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top