ടെഹ്റാൻ: ഇസ്രയേലിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. ഇസ്രയേലിനെ തടയുകയല്ലാതെ മറ്റ് വഴികളില്ല. ഇസ്രയേലിനെതിരെ പോരാട്ടം നടത്തുന്ന ഹമാസിന്റെ കരങ്ങളിൽ ഞങ്ങൾ ചുംബിക്കും. ഇസ്രയേലിനെതിരെ എണ്ണ, ചരക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും റൈസി ആവശ്യപ്പെട്ടു. ഇന്ന് റിയാദിൽ നടന്ന ഇസ്ലാമിക്-അറബ് ഉച്ചകോടിയിലാണ് ഇബ്രാഹിം റൈസിയുടെ പ്രതികരണം.

ഗാസയിലെ ആക്രമണം ഉടൻ നിർത്തലാക്കണമെന്ന് ഉച്ചകോടിയിൽ നേതാക്കൾ ആവശ്യപ്പെട്ടു. പലസ്തീനികൾക്കെതിരെയുളള അതിക്രമങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയാണെന്നും ഉച്ചകോടി വിലയിരുത്തി. ഇറാൻ പ്രസിഡന്റിനെ കൂടാതെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഈ വർഷം അറബ് ലീഗിലേക്ക് തിരികെ സ്വാഗതം ചെയ്യപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.
അതേസമയം ഗാസയിലെ പൗരന്മാരെ സംരക്ഷിക്കാൻ അമേരിക്കയുൾപ്പടെയുളള രാജ്യങ്ങളിൽ നിന്ന് ഇസ്രയേൽ സമ്മർദ്ദം നേരിടുന്നുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഏകദേശം 11,070 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുളളിൽ വടക്കൻ ഗാസയിൽ നിന്ന് 100,000 പലസ്തീനികൾ പലായനം ചെയ്തിട്ടുണ്ടെന്ന് ഇസ്രയേലും പറയുന്നു.

