India

ഇസ്രയേൽ-ഹമാസ് യുദ്ധം; നഷ്ടപ്പെട്ടത് 10,000ലധികം ജീവനുകൾ

ടെൽ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസ തകർന്നടിഞ്ഞു. 11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടിലാണ് ഇസ്രയേൽ.

ഒക്ടോബർ ഏഴിനാണ് പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിക്കൊണ്ട് ഇസ്രയേലിൽ നുഴഞ്ഞു കയറി ഹമാസ് മിന്നലാക്രമണം നടത്തി, ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്. ചാരസംഘടനയായ മൊസാദിന്റേയും ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഷിൻ ബെത്തിന്റേയും കണ്ണുവെട്ടിച്ചുള്ള ആക്രമണത്തിൽ ഇസ്രയേൽ മാത്രമല്ല ലോകവും ഞെട്ടി.

യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേലായിരിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓപ്പറേഷൻ അയേൺ സ്വേഡ് എന്ന പേരിലായിരുന്നു തിരിച്ചടി. ഇസ്രയേൽ ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവും ശക്തമാക്കിയതോടെ ഗാസ കണ്ണീർ മുനമ്പായി മാറി. 30 ദിവസം കൊണ്ട് 11500 ലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ മാത്രം പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലായിരത്തിലധികം കുഞ്ഞുങ്ങളും.

കെട്ടിടങ്ങളും പാർപ്പിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. ലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായി. വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞുങ്ങളും ഗർഭിണികളും അലഞ്ഞു. ഇന്ധനമില്ലാതെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. അവശ്യമരുന്നുകൾ പോലും കിട്ടാനില്ലാത്ത അവസ്ഥ വന്നു. റഫ അതിർത്തി വഴി വരുന്ന സഹായം ഗാസയിലെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമായിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top