ഗാസ സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 8610 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം. 23000 ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 3542 കുട്ടികളും 2187 സ്ത്രീകളും ഉൾപ്പെടുന്നു. ഗാസയിലെ വിവിധ ആശുപത്രികൾക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഗാസയിലെ എക കാൻസർ ചികിത്സാ ആശുപത്രിയായ ടർക്കിഷ് ആശുപത്രി തകർന്നു, അൽ ഖുദ്സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ഇസ്രായേലിൽ എത്തും. യുദ്ധം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കുന്നത്.

ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി. ക്യാമ്പിന് നേരെയുളള ആക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസ് കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറഞ്ഞു. പലസ്തീൻ ടിവിയുടെ രണ്ട് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജബലിയ അഭയാർത്ഥി ക്യാമ്പ് പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
22 ഐഡിഎഫ് വാഹനങ്ങൾ തകർത്തെന്ന് ഹമാസ് അവകാശപ്പെട്ടു. 400 പേർ കൊല്ലപ്പെട്ടെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹമാസ് കമാൻഡറുടെ വെസ്റ്റ് ബാങ്കിലെ വീട് തകർത്തു. ഹമാസ് ബങ്കറുകൾ തകർത്തെന്നും ഇസ്രയേലും അവകാശപ്പെട്ടു.

