India

കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക്​ കൊണ്ടുപോകാനൊരുങ്ങി ഇസ്രയേല്‍

ഗസ്സ: ഇസ്രയേൽ- ​ഗസ്സ യുദ്ധത്തിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഒരുപാട് മനുഷ്യക്കുരുതികൾ നടന്നെങ്കിലും ഗസ്സയിൽ കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക്​ കൊണ്ടുപോകാനൊരുങ്ങുകയാണ് ഇസ്രായേൽ സൈന്യം. ലബനാൻ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കൂടൂതൽ ശക്തമാക്കുകയാണ്. അതേസമയം വെടിനിർത്തൽ സാധ്യത തള്ളിയ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ മൂന്നാമത്​ പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ച്​ മടങ്ങി.

അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം വിവരണാതീതമായിരിക്കുമെന്ന്​ യു.എൻ സെക്രട്ടറി ജനറലും സന്നദ്ധ ഏജൻസികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്​. എന്നാൽ കൂടുതൽ തീക്ഷ്​ണമായ യുദ്ധത്തിലേക്ക്​ കടക്കുകയാണെന്ന്​ ഇസ്രായേൽ. ഹമാസ്​ കേന്ദ്രങ്ങൾ പൂർണമായും വളഞ്ഞതായും കനത്ത ആക്രമണത്തിലൂടെ തുരങ്കങ്ങൾ തകർക്കുമെന്നും സൈന്യം. ഇന്നലെ രാത്രിയും വ്യാപക വ്യോമ, കര, നാവികാക്രമണങ്ങളാണ്​ നടന്നത്​. വിപുലമായ കരയുദ്ധത്തിന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി അനുമതിയും നൽകി.

എന്നാൽ, ഇസ്രായേലിന്‍റെ 27 ടാങ്കുകളും മറ്റു വാഹനങ്ങളും തകർത്തതായി ഹമാസ്​. ജനങ്ങളെ ഗസ്സയിൽ നിന്ന്​ തുരത്തുകയാണ്​ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളുടെ ലക്ഷ്യം​. ഫലസ്​തീൻ ജനതയെ പുറന്തള്ളാൻ ഭൂമുഖത്ത്​ ഒരു ശക്​തിക്കും സാധിക്കില്ലെന്നും ഹമാസ്​ മുന്നറിയിപ്പ് നല്‍കി​. അൽ ശിഫ ഉൾപ്പെടെ ആശുപത്രികൾക്കും മാനസികാരോഗ്യ കേന്ദ്രത്തിനു മുകളിൽ ഇസ്രായേൽ ബോംബിട്ടു. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.

യുദ്ധം തുടരുന്നതിനാൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റാൻ പോലും സംവിധാനമില്ല. പിന്നിട്ട നാലു ദിവസങ്ങളായി പരിക്കേറ്റവരെ റഫ വഴി ഈജിപ്​തിലേക്ക്​ കൊണ്ടുപോകാനും ഇസ്രായേലിന്‍റെ അനുമതിയില്ല. ഗസ്സയിലേക്ക്​ കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാൻ പരിശ്രമം തുടരുന്നതായി തുർക്കി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. ഹമാസിന്‍റെ പക്കൽ എത്താത്തവിധം ഇന്​ധനം ഗസ്സക്ക്​ കൈമാറാൻ നടപടി സ്വീകരിക്കുമെന്ന്​ വൈറ്റ്​ഹൗസ്​.

സഹായം എത്തിക്കാൻ താൽക്കാലിക വെടിനിർത്തലിന്​ ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്നും അമേരിക്ക അറിയിച്ചു. യു.എസ്​ പ്രസിഡൻറ് ജോ​ ബൈഡൻ ഇന്നലെ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ഗസ്സയിൽ സമ്പൂർണ സൗകര്യങ്ങളോടെ ഫീൽഡ്​ ആശുപത്രി ഒരുക്കുമെന്ന്​ യു.എ.ഇ അറിയിച്ചു.

ലബനാൻ അതിർത്തിയിലും ആക്രമണം രൂക്ഷമാണ്. മുപ്പത്​ മിസൈലുകളും നിരവധി ഷെല്ലുകളുമാണ്​ ഹിസ്​ബുല്ല ഇസ്രായേലിനു നേർക്ക് അയച്ചത്​. ശക്​തമായ പ്രത്യാക്രമണവുമായി ഇസ്രായേലും രംഗത്തുണ്ട്​. സംഘർഷം പടരുകയാണെന്നും അടിയന്തര വെടിനിർത്തൽ അനിവാര്യമെന്നും ചൈന പറഞ്ഞു. പശ്​ചിമേഷ്യയിൽ മൂന്നാഴ്​ചക്കിടെ 38 ആക്രമണങ്ങൾ യു.എസ്​ സേനക്കെതിരെ ഉണ്ടായെന്ന്​ പെന്‍റഗണ്‍ പറയുന്നു. ലോകത്തുടനീളം ഇന്നലെയും വൻ യുദ്ധവിരുദ്ധ റാലികൾ അരങ്ങേറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top