ജറുസലേം: ഇസ്രയേലിനുള്ളിൽ കയറി ആക്രമണം നടത്തിയത് തങ്ങളുടെ അൽ ക്വസാം ബ്രിഗേഡെന്ന് ഹമാസ്. ഇസ്രയേലിന്റെ ഗാസ അധിനിവേശസേനയെ ലക്ഷ്യമിട്ടാണ് തങ്ങൾ കഴിഞ്ഞ ശനിയാഴ്ച്ച ആക്രമണം നടത്തിയതെന്നും ആക്രമണം ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ഗാസ ഡിവിഷന്റെ ആസ്ഥാനം കീഴടക്കിയെന്നും ഹമാസ് ഡെപ്യൂട്ടി ലീഡർ സലേഹ് അൽ അറൗറി വ്യക്തമാക്കി. അൽ ക്വസാം ബ്രിഗേഡ്‌സിന്റെ 1,200 അംഗങ്ങളാണ് ഓപറേഷനിൽ പങ്കെടുത്തതെന്നും ഹമാസ് നേതാവ് പറഞ്ഞു.

ഹീബ്രു അവധിദിനങ്ങൾക്ക് പിന്നാലെ തങ്ങൾക്കെതിരെ ഇസ്രയേലിന്റെ ഗാസ അധിനിവേശ സൈനികർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടർന്നാണ് ആക്രമണം നടത്തിയതെന്നും സലേഹ് അൽ അറൗറി വ്യക്തമാക്കി. തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറിയുള്ള ആക്രമണത്തിൽ 1,200 അംഗങ്ങൾ പങ്കെടുത്തുവെന്നാണ് ഹമാസ് ഉന്നതന്റെ അവകാശവാദം.
ആക്രമണം ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ഗാസ ഡിവിഷന്റെ ആസ്ഥാനം ഹമാസ് കീഴടക്കി. ഇത് തങ്ങൾക്കുപോലും ആശ്ചര്യമായിരുന്നുവെന്ന് അറൗറി പറഞ്ഞു. ഗാസയിലേക്കുള്ള കടന്നുകയറ്റം സൈന്യത്തിനും നേതാക്കൾക്കും വിനാശകരമായിത്തീരുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇസ്രയേൽ പട്ടാളത്തിന് അറിയാമായിരുന്നു. ഞങ്ങളുടെ ആക്രമണ പദ്ധതിയേക്കാൾ ശക്തമാണ് പ്രതിരോധം, അത് അധിനിവേശസൈന്യത്തിന് അറിയാമായിരുന്നുവെന്നും അറൗറി അവകാശപ്പെട്ടു.

