ടെല്‍ അവീവ്: ഗാസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുള്ള യുഎസ് ആവശ്യത്തോട് മുഖം തിരിച്ച് ഇസ്രായേല്‍. ഏകദേശം ഒരു മാസമായി തുടരുന്ന യുദ്ധത്തെ തുടര്‍ന്ന് ബന്ദികളാക്കിയ ഏകദേശം 240 പേരെ മോചിപ്പിക്കും വരെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്.

തെക്കന്‍ ഇസ്രായേലില്‍ ഒക്ടോബര്‍ 7-നാണ് ഹമാസ് ഭീകരര്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇരുകക്ഷികളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹമാസിന്റെ ആക്രമണത്തിന് ശേഷം ഹമാസിനെ തകര്‍ക്കാനുള്ള ഇസ്രായേലിന്റെ പ്രചാരണത്തിന് പിന്തുണ ആവര്‍ത്തിച്ചു അമേരിക്ക രംഗത്തെത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കെന്റെ ഇസ്രായേലിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണ് ഇത്.
ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഇസ്രായേല്‍ ബോംബാക്രമണത്തിലൂടെ നിരവധി പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗ്രൗണ്ട് ആക്രമണം വിലുലീകരിക്കുന്നതിലൂടെ സിവിലിയന്‍മാരുടെ ദുരിതം ഇനിയും വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇസ്രായേല്‍ ഉപരോധത്തില്‍ മരുന്നും ഇന്ധനവും കുറഞ്ഞതോടെ തകര്‍ച്ചയിലേക്ക് അടുക്കുകയാണെന്ന് ഗാസയിലെ ആശുപത്രികള്‍ പറയുന്നു. ഗാസയിലെ ജനസംഖ്യയുടെ 70% വരുന്ന ഏകദേശം 1.5 ദശലക്ഷം ആളുകള്‍ അവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്തതായി യുഎന്‍ പറഞ്ഞു.

