ടെൽ അവീവ്: ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം തുടരുമെന്നും ദൈർഘ്യമേറിയതും ദുഷ്കരവുമാകുമെന്നും വാർത്താ സമ്മേളനത്തിൽ നെതന്യാഹു മുന്നറിയിപ്പ് നൽകി.

ഗാസ മുനമ്പിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ആവർത്തിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചെത്തിക്കാൻ ഭരണകൂടം പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരണം 8,000 കടന്നതായി ഗാസ ആരോഗ്യ മന്ത്രി വ്യക്തമാക്കി.
മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സംഘർഷത്തിൽ 110 പേർ മരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 48 മണിക്കൂറായി ഗാസയിൽ ഇന്റർനെറ്റ്, ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ച ഗാസയിലേക്ക് അന്താരാഷ്ട്ര സഹായങ്ങൾ ഒന്നും എത്തിയിട്ടില്ല. ഗാസയിൽ ഇസ്രയേൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ ആവർത്തിച്ചു.
അതിനിടെ ഇസ്രയേലിൽ തടവിലാക്കിയിരിക്കുന്ന പലസ്തീൻ തടവുകാരെ വിട്ടയച്ചാൽ ഇസ്രയേലിൽ നിന്നും ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളെ വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഒക്ടോബർ ഏഴിന് ഇസ്രേയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 310 സൈനികരടക്കം 1400 പേരാണ് മരിച്ചത്. വിദേശികളടക്കം 229 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

