വാഷിംഗ്‍ടണ്‍: ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനാളുകൾ വൈറ്റ് ഹൗസിനു മുന്നില്‍. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിനു മുന്നില്‍ ഒത്തുകൂടിയിരിക്കുന്നത്.

ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയെ തുടര്‍ന്ന് ഒരാഴ്ചക്കിടെ അമേരിക്കയിലുടനീളം ഇസ്രായേല്‍,ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടന്നു. “ഇന്ന് എന്താണ് സംഭവിക്കുന്നത്. ഇത് വളരെ അസ്വസ്ഥമാണ്, ഈ രാജ്യം പിന്തുണയ്ക്കുന്ന ഒരു സൈന്യം ആളുകളെ കൊല്ലുന്നത് ഞങ്ങൾ നോക്കിനിൽക്കുകയാണ്,” പ്രകടനക്കാരിയായ ലിൻഡ ഹൗട്ടൺ എഎഫ്‌പിയോട് പറഞ്ഞു.ലോസ് ആഞ്ചലസ്, മിഷിഗണിലെ ഡിയര്‍ബോണ്‍ എന്നിവിടങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു. സായുധ ഗ്രൂപ്പായ ഹമാസിന് പിന്തുണ നൽകുന്ന ആർക്കും അറസ്റ്റ് നേരിടേണ്ടിവരുമെന്ന പൊലീസ് മുന്നറിയിപ്പുകൾക്കിടയിൽ യുകെയിലെ മാഞ്ചസ്റ്റര്‍ സ്കോട്ട്ലൻഡിലെ എഡിൻബർഗ്, ഗ്ലാസ്ഗോ, ലണ്ടൻ എന്നിവിടങ്ങളിൽ റാലികൾ നടന്നു.
ബ്രീട്ടിഷ് തലസ്ഥാനത്ത് ആയിരത്തിലധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് മാര്‍ച്ച് നടന്നത്. സ്വിറ്റ്‌സർലൻഡിന്റെ തലസ്ഥാനമായ ജനീവയിലും വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ടൂറിനിലും ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലും ഫലസ്തീനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നു.മൊറോക്കോയിലെ റബാത്തിൽ, ആയിരക്കണക്കിന് ആളുകൾ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

