പട്ന : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ മുന്നണില്‍ ഉണ്ടായ വിള്ളല്‍ തുടരുന്നു. ഇന്‍ഡ്യ മുന്നണി സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് എതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തുവന്നു. പട്‌നയില്‍ നടന്ന ബിജെപി ഹട്ടാവോ, ദേശ് ബചാവോ റാലിയിലാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസിന് എതിരെ നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭ സീറ്റ് വിഭജനത്തെക്കുറിച്ച് ഞങ്ങള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി. എന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ താല്‍പ്പര്യമില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വ്യാപൃതരായിരിക്കുകയാണ് കോണ്‍ഗ്രസ്” നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം.
എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വഴി തെളിക്കും എന്നാണ് കോണ്‍ഗ്രസ് എംപി നസീര്‍ ഹുസൈന്‍ നിതീഷ് കുമാറിന് മറുപടി നല്‍കിയത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് – സമാജ് വാദി പാര്‍ട്ടി ഭിന്നത നേരത്തെ മറനീക്കി പുറത്ത് വന്നിരുന്നു. അതേസമയം ഇന്‍ഡ്യ സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തുവന്നു. സ്വന്തം താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് കൈകോര്‍ത്തവരാണ് ഇന്‍ഡ്യ മുന്നണി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു

