വാഷിങ്ടൺ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനുള്ള ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ച് അമേരിക്ക. കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കണമെന്ന ഇന്ത്യൻ സർക്കാരിന്റെ ആവശ്യത്തെ തുടർന്ന് കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടേണ്ടി വന്നതില്‍ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് യുഎസ് വക്താവ് മാത്യു മില്ലർ പറഞ്ഞു. കാനഡയുടെ അന്വേഷണത്തോട് സഹകരിക്കണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കൺവെൻഷൻ നിർദേശങ്ങള്‍ ഇന്ത്യ പാലിക്കണമെന്നും മില്ലർ പറഞ്ഞു.

40 കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ച് അയയ്ക്കാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും ഇത് വിയന്ന കൺവെൻഷന്‍ നിർദേശങ്ങളുടെ ലംഘനമാണെന്നും കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ആശങ്കപ്പെടേണ്ട കാര്യമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു.
കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് കാനഡ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്നോണം മുതിർന്ന കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇതേ തുടർന്ന് രാജ്യത്തെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെ കാനഡ തിരികെ വിളിച്ചിരുന്നു.

