ഇടുക്കി: ഇടുക്കിയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടലും. ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് ഇന്നലെ രാത്രി ഉരുള്‍ പൊട്ടലുണ്ടായത്. പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ് തകര്‍ന്നു.

റോഡ് പൂര്‍ണമായും ഇടിഞ്ഞു തകര്‍ന്നു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മഴ തുടങ്ങിയത്. രാത്രി 9.30 ഓടെയാണ് ഉരുള്‍ പൊട്ടലുണ്ടായതെന്ന് സമീപവാസികള്‍ പറയുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ദളം ഭാഗത്ത് ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചതുരംഗപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. ആളപായമുണ്ടായിട്ടില്ല. മരം വീണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.

