അമൃത്സർ: ശനിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ പഞ്ചാബിലെ നെൽ കർഷകർ ആശങ്കയിലായി. അമൃത്സർ ജില്ലയിൽ നെൽപാടങ്ങളിൽ മഴയെതുടർന്ന് വെള്ളം കയറുകയും പലയിടത്തും വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്തു. ഇതോടെ ഭാരമേറിയ കമ്പൈൻറ് കൊയ്ത്തുയന്ത്രങ്ങൾ പാടശേഖരങ്ങളിൽ ഇറക്കാൻ ബുദ്ധിമുട്ട് നേരിട്ടതായി കർഷകർ അറിയിച്ചു. ഞായറാഴ്ച വിളവെടുക്കാൻ പദ്ധതിയിട്ട വിളകൾ ഇനി വിളവെടുക്കാൻ വയലുകൾ ഉണങ്ങാൻ കാത്തിരിക്കേണ്ടിവരുമെന്ന് ജബാലിൽ നിന്നുള്ള കർഷകനായ മൻദീപ് സിംഗ് പറഞ്ഞു.

അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. വിളവെടുപ്പ് നഷ്‌ടപ്പെടാനും ധാന്യങ്ങളുടെ നിറം മാറാനും ഇത് കാരണമാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. നേരത്തെ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചതിനാൽ കർഷകർക്ക് വൻ നഷ്ടം നേരിട്ടിരുന്നു. അതിനുപുറമെയാണ് പാകമായ സമയത്തുള്ള പേമാരി കർഷകരുടെ ദുരിതം ഇരട്ടിയാക്കിയത്.
അതിനിടെ, കനത്ത മഴയും ശക്തമായ കാറ്റും തരൺ ജില്ലയിലും നെൽകൃഷി നശിക്കാനിടയാക്കിയിട്ടുണ്ട്. മഴ ഏറ്റവും കൂടുതൽ ബാധിച്ചത് ബസ്മതി നെല്ലിനങ്ങളെയാണ്. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയിൽ വയലുകൾ വരണ്ടുണങ്ങുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

